മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുകേസുകളിലായി 1.15 കോടി രൂപയുടെ 2.4 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി, കാസര്‍കോട് സ്വദേശിനി ആയിഷ എന്നിവരില്‍ നിന്നാണ് 1,001 ഗ്രാം, 1,359 ഗ്രാം എന്നിങ്ങനെ മൊത്തം 2,360 ഗ്രാം സ്വര്‍ണം പിടികൂടിയത്. 1,14,69,600 രൂപ വിലമതിക്കുന്നതാണ് വെള്ളിയാഴ്ച പിടികൂടിയ സ്വര്‍ണം.
അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ ജ്യോതിലക്ഷ്മി, വി.പി. ജോയി, എന്‍.സി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിമാനത്താവളത്തില്‍നിന്ന് പിടികൂടുന്ന സ്വര്‍ണമിശ്രിതം തങ്കത്തിലാക്കിയാണ് വിലനിര്‍ണയം നടത്തുന്നത്. സ്വര്‍ണത്തേക്കാളും 7.17 ശതമാനം നിരക്ക് കൂടുതലാണ് തങ്കത്തിന്. ഈമാസം എട്ടിന് 1,655 ഗ്രാം, 16 ന് 1,550 ഗ്രാം, 17 ന് 1,048 ഗ്രാം, 18 ന് 740 ഗ്രാം, 22 ന് 611 ഗ്രാം, വ്യാഴാഴ്ച 1,496 ഗ്രാം എന്നിങ്ങനെ മൊത്തം 9.46 കിലോ സ്വര്‍ണം പിടികൂടി.
ഈ മാസം മാത്രം പിടികൂടിയ സ്വര്ണത്തിെൻറ മൂല്യം 4,59,75,600 രൂപയാണ്.