• Sat. Jul 20th, 2024
Top Tags

‘അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാവാതെയാണ് കൊന്നത്’: വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി.

Bydesk

Dec 29, 2021

വയനാട്: അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊല നടത്തിയതെന്നും മുറിച്ചു മാറ്റിയ കാൽ സ്കൂൾ ബാഗിലാണ് ഉപേക്ഷിച്ചതെന്നും 15 ഉം 16 ഉം വയസുള്ള സഹോദരിമാർ പൊലീസിനോട് ഏറ്റു പറഞ്ഞു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചതായാണ് സൂചന.പത്താം ക്ലാസിലും പ്ലസ് വണിനും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ പൊലീസിന് മുമ്പിൽ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട നടുക്കത്തിലാണ് നാടാകെ.

പിതാവ് ഉപേഷിച്ചു പോയ ശേഷം തങ്ങളുടെ സംരക്ഷണം അത്രയും ഏറ്റെടുത്തിരുന്ന ബന്ധുവായ മുഹമ്മദ് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് കടും കൈ ചെയ്യേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരണം സംഭവിച്ചെന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം.

കത്തി ഉപയോഗിച്ച് വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. ശരീരത്തിെന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. മൃതദേഹം ചാക്കിലാക്കാൻ പെൺകുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞത്.  എന്നാൽ, പെൺകുട്ടികളെക്കൊണ്ട് മാത്രം ഈ കൃത്യം ചെയ്യാൻ പറ്റില്ലെനും തന്റെ ആങ്ങളയും പെൺകുട്ടികളുടെ പിതാവുമായ സുബൈറിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു.

മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് ഭാര്യ പറഞ്ഞു. മുഹമ്മദ് ആ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു.    പെൺകുട്ടികളുടെ സഹോദരനും ഇവരോടൊപ്പമായിരുന്നു താമസം.

എന്നാൽ, അടുത്തിടെ മുഹമ്മദ് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. അമ്പലവയൽ ബത്തേരി റോഡിൽ നിന്ന് അരകിലോ മീറ്റർ മാറി കാപ്പിത്തോടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഷെഡിൽ നടന്ന കടും കെ പരിസരവാസികളൊന്നും അറിഞ്ഞതുമില്ല.   കൊലപാതകത്തിലെ നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗുമാണ് മുഹമ്മദിൻ്റെ വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോണും കണ്ടെത്തി.

അതേസമയം നാളുകളായി കുടുംബത്തിൽ നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.    കനത്ത പൊലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെൺകുട്ടികളെയും കൊല നടന്ന അമ്പലവയലിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. പെൺകുട്ടികളെ പുറത്ത് നിർത്തി ആദ്യം അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും മുഹമ്മദിൻ്റെ വലത് കൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയിൽ നിന്ന് കണ്ടെടുത്തു. മുഹമ്മദിൻ്റെ  മൊബൈൽ ഫോണും കണ്ടെത്തി.

കൊല നടത്തി മുറിച്ചു മാറ്റിയ വലതുകാൽ അമ്പലവയൽ ടൗണിനടുത്തുള്ള മാലിന്യ പ്ലാൻ്റിന് സമീപവും മൊബൈൽ ഫോൺ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. 3 പേരുടെയും ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലും അമ്മയെ ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കുക. ജില്ല പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കൊല നടത്തി പ്രതികൾ തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിൻ്റെ സൂചനകളും വീട്ടിൽ ഉണ്ടായിരുന്നു. രക്തം കറയുള്ള ഭാഗങ്ങൾ മണ്ണിട്ട നിലയിലായിരുന്നു. പ്രതികൾക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മുറിച്ചു മാറ്റിയ മുഹമ്മദിൻ്റെ വലതു കാൽ ഓട്ടോ വിളിച്ചാണ് പെൺകുട്ടി അമ്പലവയൽ ടൗണിന് സമീപം ഉപേക്ഷിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *