ഇരിക്കൂർ: അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പ് പരിശോധനയ്ക്ക് പിഡബ്ല്യുഡി സംഘം എത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഉറപ്പ് പരിശോധന നടത്തിയത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിന്റെ മുകളിൽ നിറയെ കുഴികളാണ്. തൂണുകൾ ദ്രവിച്ചു.
കൈവരികൾ തകർന്നിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള കുലുക്കം ഭീതിജനകമാണ്. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഇടപെടൽ മൂലമാണ് വൈകിയെങ്കിലും അധികൃതർ കണ്ണ് തുറന്നത്. പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് നിയമ സഭയിൽ ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. ലീഗ് പാലം സൈറ്റിൽ വാഹനങ്ങൾ ഉപരോധിക്കുന്നത് അടക്കമുള്ള സമര പരിപാടികൾ നടത്തിയിരുന്നു.
പാലത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്നും പിഡബ്ല്യുഡി എ.ഇ.നിഷാദ് അറിയിച്ചു. ഓവർസിയർമാർ ആൽബർട്ട്, സുധി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ചപ്പാരപ്പടവ്∙ കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച ചപ്പാരപ്പടവ് പാലവും ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) സംഘം പരിശോധിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയാണ് കെഎച്ച്ആർഐ അസിസ്റ്റന്റ് എൻജിനീയർ സോണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പാലത്തിന്റെ അടിയിൽ നിന്നു സാംപിൾ ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധന നടത്തിയ ശേഷം പാലത്തിനു ബലപ്പെടുത്തൽ മതിയോ പുനർനിർമിക്കണമോ എന്ന് വിലയിരുത്തും. ഇതിന്റെ റിപ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകും.
തുടർന്ന് റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. മൂന്നു പതിറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന്റെ തൂണുകളും സ്ലാബുകളും ജീർണാവസ്ഥയിലാണ്. മിക്ക തൂണുകളിലും കോൺക്രീറ്റ് അടർന്നുപോയതിനെ തുടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. സ്ലാബുകളുടെ അടിവശത്തു നിന്നു കോൺക്രീറ്റ് അടർന്നുപോയിട്ടുണ്ട്. ഇതിനു പുറമേ കഴിഞ്ഞ പ്രളയങ്ങളിൽ വൻമരങ്ങൾ ഒഴുകിവന്ന് തൂണുകളിൽ തട്ടിയതു പാലത്തിന്റെ ബലക്ഷയത്തിനു ആക്കം കൂട്ടി.
ഒരുവർഷം മുൻപ് പൊതുമരാമത്ത് ബലപ്പെടുത്തുന്നുമെന്ന് പറഞ്ഞിരുന്ന പാലങ്ങളുടെ ലിസ്റ്റിൽ ചപ്പാരപ്പടവ് പാലം ഉൾപ്പെട്ടിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല. ഒട്ടേറെ റോഡുകളുടെ ലിങ്കായി പ്രവർത്തിക്കുന്ന പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വലിയ ഭാരവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.