• Sat. Jul 27th, 2024
Top Tags

ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയ കീഴടക്കുന്നെന്നു പരാതി.

Bydesk

Jan 1, 2022

ചെറുപുഴ ∙ ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയ കീഴടക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ 30 ഏക്കറിലേറെ ഭൂമിയാണു ക്വാറി മാഫിയ വാങ്ങി കൂട്ടിയത്. ജനരോഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ചൂരപ്പടവ് ക്വാറി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുന്നോടിയായിട്ടാണു ക്വാറിയുടെ ചുറ്റിലുമുള്ള ഭൂമി ക്വാറിയുടമ വാങ്ങി കൂട്ടുന്നതെന്നു നാട്ടുകാർ പറയുന്നു.നേരത്തെ ക്വാറിയോടു ചേർന്നുള്ള 15 ഏക്കർ ഭൂമി ക്വാറിയുടമ വില കൊടുത്തു വാങ്ങിയിരുന്നു. ഇതിനു ശേഷവും ആക്ഷൻ കമ്മിറ്റി പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയായിരുന്നു.

തുടർന്നാണു വീണ്ടും 15 ഏക്കറിലേറെ ഭൂമി വാങ്ങിയത്. ഇതിൽ ആക്ഷൻ കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ചിലരുടെ ഭൂമി കൂടിയുണ്ടെന്ന് ആക്ഷേപമുണ്ട്. ഭൂമി വാങ്ങി ക്വാറിയ്ക്കെതിരെയുള്ള പ്രക്ഷോഭം തണുപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ക്വാറിയിൽ നടക്കുന്ന ഉഗ്രസ്ഫോടനം മൂലം വീടുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതും ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതുമാണു പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്.

ഇക്കാര്യം ഉന്നയിച്ചു പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല. ചെറുപുഴ പഞ്ചായത്തിലെ 11-ാം വാർഡിലെ മലനിരകൾ ഉൾപ്പെടുന്ന പ്രദേശമാണു ക്വാറി മാഫിയ കീഴടക്കുന്നത്. ഇതോടെ ചൂരപ്പടവ് മലനിരകളും ദണ്ഡ്യൻകുന്ന് വെള്ളച്ചാട്ടവും ഓർമയായി മാറും. ഇതിനുപുറമെ മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നുവെന്നു കരുതുന്ന കൊട്ടത്തലച്ചി മലനിരകളുടെ നാശത്തിനും ക്വാറി ഇടയാക്കും.

ചെറുപുഴ പഞ്ചായത്തിലെ 14, 15 വാർഡുകളിൽപെട്ട കോക്കടവ്, പെരുന്തടം, പ്രാപ്പൊയിൽ ഭാഗങ്ങളിൽ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കും ഭാവിയിൽ ചൂരപ്പടവ് ക്വാറി ഭീഷണിയായി മാറുമെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇതിനുപുറമെ പ്രാപ്പൊയിൽ – ചൂരപ്പടവ് – വാഴക്കുണ്ടം റോഡും പ്രാപ്പൊയിൽ പാലവും ക്വാറി പ്രവർത്തനം ആരംഭിക്കുന്നതോടെ തകരുമെന്നും ഇവർ പറയുന്നു. ഇതിനെതിരെ ഭരണ – പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. എന്നാൽ, നിർണായക സമയത്ത് രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നത് നാട്ടുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *