• Sat. Jul 27th, 2024
Top Tags

തടയണ നോക്കുകുത്തിയാകുന്നു, തിരിഞ്ഞു നോക്കാതെ അധികൃതർ.

Bydesk

Jan 1, 2022

ചെറുപുഴ: വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ നിർമിച്ച മുളപ്ര തടയണ നോക്കുകുത്തിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 15,16 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കാനും മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനുമാണ് തടയണ നിർമിച്ചത്. എന്നാൽ തടയണയിലെ ചോർച്ച കാരണം ജലം സംഭരിക്കാൻ സാധിക്കുന്നില്ല. ഇതിനുപുറമെ മഴക്കാലത്ത് തടയണയുടെ മുകളിലൂടെ വെളളം ഒഴുകുന്നത് ഗതാഗത തടസ്സവും ഉണ്ടാക്കുന്നു. ഈ വർഷം തടയണയുടെ സമീപം വൻ കുഴി രൂപപ്പെട്ടിരുന്നു.

തുടർന്ന് കുഴി നികത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. മുളപ്ര ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തടയണ കടന്നാണു പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ടൗണിലും എത്തുന്നത്. പ്രാപ്പൊയിൽ, മഞ്ഞക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ മുളപ്ര അൽഫോൻസ പള്ളിയിലും ധർമശാസ്താ ക്ഷേത്രത്തിലും എത്തുന്നതും തടയണ കടന്നാണ്.

എന്നാൽ മഴക്കാലത്ത് വെള്ളം കയറിയാൽ ചുറ്റിവളഞ്ഞു വേണം പള്ളിയിലും ക്ഷേത്രത്തിലും എത്താൻ. നിലവിലുള്ള തടയണ പൊളിച്ചു മാറ്റി പുതിയ തടയണ നിർമിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും തുടർ നടപടികളൊന്നും ഇനിയും ഉണ്ടായിട്ടില്ല. കാലപ്പഴക്കം ചെന്ന തടയണ പൊളിച്ചു മാറ്റി പുതിയ തടയണ നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *