പത്തനംതിട്ട : പത്തനംതിട്ട അടൂർ പള്ളിക്കലിൽ വൃദ്ധദമ്പതികളുടെ പരാതിയോട് മുഖംതിരിച്ച് പൊലീസ്. വീട് കയറി ആക്രമിച്ച സംഘത്തിനെതിരെ പരാതി നൽകി എട്ട് വർഷം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുത്തിട്ടില്ല. പൊലീസ് തണുപ്പൻ നയം സ്വീകരിച്ചതോടെ ഇവിടെ അക്രമം പതിവ് കാഴ്ചയുമായി.കേരള പൊലീസിന്റെ നീതി നിഷേധത്തിന്റെ ഇരകളാണ് പള്ളിക്കൽ സ്വദേശി ജാനകിയും ഭർത്താവ് കുഞ്ഞുകുഞ്ഞും.
എട്ട് കൊല്ലം മുന്പ് മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ നാട്ടിലെ ഒരു സംഘം ആക്ഷേപിക്കുന്നത് ചോദ്യം ചെയ്തത് മുതലാണ് ഇരുവരും ആക്രമണം നേരിട്ട് തുടങ്ങിയത്. ആദ്യം പൊലീസിൽ പരാതി കൊടുക്കാൻ ഭയന്നു. ആക്രമണം പതിവായതോടെ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നടപടി ഒന്നുമുണ്ടാകാത്തതിനെ തുടർന്ന് ഡിവൈഎസ്പിയെയും ജില്ലാ പൊലീസ് മേധാവിയെയും സമീപിച്ചു ഒരിക്കൽ അക്രമി സംഘം കുഞ്ഞുകുഞ്ഞിന്റെ കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു.
ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴുള്ള പ്രതികരണം കുഞ്ഞുകുഞ്ഞിന് എതിരെയായിരുന്നു. വീടിന്റെ സമീപത്ത് തന്നെയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജാനകിയും കുഞ്ഞുകുഞ്ഞും പറയുന്നത്. ഇവരുടെയൊക്കെ പേര് വിവരം അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ ദിവസവും ഒരു സംഘം വീട്ടിലെത്തി അക്രമണം അഴിച്ചു വിട്ടു. ജനൽ ചില്ലുകൾ തകർത്തു. വൈദ്യുതി വിച്ഛേദിച്ചു. പട്ടികജാതി പീഡന നിരോധന നിയമം അടക്കം ചുമത്തേണ്ട കുറ്റങ്ങൾ നിലനിൽക്കുമ്പോഴാണ് പൊലീസിന്റെ നിഷക്രിയത്വം. എന്നാൽ പരാതിയിൻ മേൽ അന്വേഷണം നടക്കുകയാണെന്ന പതിവ് പല്ലവിയാണ് പൊലീസിനുള്ളത്.