• Mon. Sep 23rd, 2024
Top Tags

കുടക് ജില്ലയിൽ വാരന്ത്യ കർഫ്യു പുനസ്ഥാപിച്ചു : മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്ര നിയന്ത്രണം 19 വരെ നീട്ടി.

Bydesk

Jan 6, 2022

ഇരിട്ടി : ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കുടക് ജില്ലയിൽ നിലവിലുള്ള യാത്രാ നിയന്ത്രണം അതേ പടി തുടരുന്നതോടൊപ്പം വാരന്ത്യ കർഫ്യു പുനസ്ഥാപിച്ചു. മാക്കുട്ടം – ചുരം പാതവഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ആർടിപിസിആർ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് 19 വരെ നീട്ടി. ഇതോടെ കുടകിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ 180 ദിവസം പിന്നിട്ടു. നേരത്തെ ഇറക്കിയ നിയന്ത്രണ ഉത്തരവിന്റെ കാലാവധി അഞ്ചിന് അവസാനിച്ചിരുന്നു. വെള്ളിയാഴ്ച്ച രാത്രി 10മണിമുതൽ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിവരെയാണ് കർഫ്യു. ചുരം പാത വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ കോവിഡില്ലാ സർട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ നടപടി അതേപടി തുടരാനാണ് തീരുമാനം. ഒമിക്രോൺ രോഗികളുടെ എണ്ണം വർധിച്ചതോടെ മതപരമായ ചടങ്ങളുകൾ ഉൾപ്പെടെ ആളുകൾ കൂടുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കുടക് ജില്ലയിൽ രോഗികളുടെ എണ്ണം ഒരു ശതമാനത്തിലും താഴെയാണ്. അതുകൊണ്ട് തന്നെ മുഖാവരണം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ കർശന നിയന്ത്രണം ഉണ്ടായിരുന്നില്ല. പാർക്കുകളും സഞ്ചാര കേന്ദ്രങ്ങളുമൊക്കെ സജീവമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖാവരണം ഉൾപ്പെടെ കർശനമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാക്കൂട്ടം അതിർത്തിയിൽ നിലവിലുള്ള പരിശോധന ശക്തമാക്കി. ആർ ടി പി സി ആർ പരിശോധനാ റിപ്പോർട്ട് ഇല്ലാത്തവരെ കടത്തി വിട്ട പോലീസ് ഉദ്ധ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം നടപടിയുണ്ടായി. ചെക്ക് പോസ്റ്റിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നി്ന്നും പണം വാങ്ങി ചിലരെ കടത്തി വിടുന്നതായുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *