• Thu. Sep 19th, 2024
Top Tags

ബജറ്റ് 2022 : അവതരണം തുടങ്ങി:വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ് -വണ്‍ ടിവി ചാനല്‍,25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്‍റെ ബ്ലൂ പ്രിന്‍റ്; 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

Bydesk

Feb 1, 2022

പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി . ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറെ വളർച്ച നേടി. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. റെയിൽവേ ചരക്കുനീക്കത്തിൽ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പർവത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.

ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകും. കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റൽ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉടൻ രൂപീകരിക്കും. പ്രാദേശിക ഭാഷകളിൽ വിദ്യാർഥികളുടെ പഠനത്തിനായി ചാനൽ തുടങ്ങും.

കോവിഡ് പ്രതിസന്ധിയിലകപ്പെട്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കാർഷിക മേഖല, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ക്ഷേമ പദ്ധതികൾ, സുസ്ഥിര വളർച്ചാ പദ്ധതികൾ എന്നിവയുടെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ആദായ നികുതി ഉൾപ്പെടെ നികുതി സ്ലാബുകളിൽ ആശ്വാസകരമായ തീരുമാനങ്ങളും ഉണ്ടായേക്കാം

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കർഷകർക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട ചെറുകിട വ്യവസായ മേഖലയ്ക്ക് താങ്ങാവുന്ന പ്രഖ്യാപനങ്ങളും ഉണ്ടാവാം.

രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *