• Tue. Sep 24th, 2024
Top Tags

കടുത്ത വേനൽ ചൂടിൽ ഇന്നലെ ജില്ലയിൽ പലയിടങ്ങളിലായി തീപിടിത്തം

Bydesk

Mar 4, 2022

കണ്ണൂർ: കടുത്ത വേനൽ ചൂടിൽ ഇന്നലെ ജില്ലയിൽ പലയിടങ്ങളിലായി തീപിടിത്തമുണ്ടായി. ഇരിട്ടി ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല,തളിപ്പറമ്പ് പൂവം പെരുമ്പാറ, ശ്രീകണ്ഠപുരം കക്കണ്ണൻപാറ, പേരാവൂർ മേൽമുരിങ്ങോടി ആനക്കുഴി, കണ്ണൂർ താവക്കര തുടങ്ങിയ ഇടങ്ങളിൽ വലിയതോതിൽ തീപടർന്നു. ഫയർഫോഴ്സ് ഏറെ നേരം അദ്ധ്വാനിച്ചാണ് മിക്കയിടത്തും തീയണച്ചത്.

ഇന്നലെഉച്ചക്ക് 12.25 ന് പൂവ്വം പെരുമ്പാറയിൽ വൻ തീപിടുത്തമാണുണ്ടായത്. ഏതാണ്ട് 20 ഏക്കറോളം തരിശുഭൂമിയിലാണ് തീപടർന്നത്. കനത്ത വെയിലിലും കാറ്റിലും തീ പടർന്നുപിടിച്ചതോടെ തളിപ്പറമ്പിലെ മൂന്ന് യൂണിറ്റുകളും ഇവിടെ തീകെടുത്താനായി എത്തി. ഇതിനിടെ പുളിമ്പറമ്പിലും ആടിക്കുംപാറയിലും തീപിടിച്ചതായി വിവരം ലഭിച്ചതോടെ പയ്യന്നൂരിൽ നിന്നാണ് സേന എത്തിയത്. പൂല്ലം പെരുമ്പാറയിൽ ഏതാണ്ട് നാലരമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ നടുവിൽ പുത്തൂരിൽ തീപിടിച്ചതായി വിവരം ലഭിച്ചതോടെ പെരുമ്പാറയിൽ തീയണച്ചുകൊണ്ടിരുന്ന ഒരു യൂണിറ്റിനെ അങ്ങോട്ടേക്ക് അയക്കേണ്ടിവന്നു. ഇവയൊക്കെ നിയന്ത്രണവിധേയമാക്കി എത്തിയപ്പോഴാണ് ശ്രീകണ്ഠാപുരം കാക്കണ്ണൻപാറയിൽ കശുമാവിൻതോട്ടങ്ങൾക്ക് തീപിടിച്ച വിവരമറിഞ്ഞത് ഇതോടെ രണ്ട് യൂണിറ്റ അങ്ങോട്ടേക്ക് പോയി. സന്ധ്യയോടെയാണ് ഇവിടെ തീ നിയന്ത്രിക്കാനായത്. സ്‌റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിലാണ് എല്ലായിടത്തും അഗ്നിശമനസേന തീയണക്കാനെത്തിയത്.

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം താവക്കരയിൽ തീപ്പിടിത്തം.  പാളത്തിനരികെയുള്ള ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. ഇതേത്തുടർന്ന് തീവണ്ടികൾ പിടിച്ചിട്ടു. അഗ്നിരക്ഷാസേന മൂന്നുമണിക്കൂർ പരിശ്രമിച്ച് തീയണച്ചു. വ്യാഴാഴ്ച ഉച്ച 12.15-ഓടെയാണ് സംഭവം.

പുക ഉയരുന്നതുകണ്ട് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. താവക്കരയിലെ കണ്ണൂർ സർവകലാശാലാ വളപ്പിന് സമീപം റെയിൽവേ സ്ഥലത്തോട് ചേർന്നാണ് തീപടർന്നത്. പാളത്തിനിടയിലും തീ പടർന്നു. തീ പൂർണമായും അണച്ചശേഷമാണ് വണ്ടികൾ കടത്തിവിട്ടത്. സിഗ്നൽ പോസ്റ്റ് വരെ തീ എത്തിയിരുന്നു.

തീപ്പിടിത്തത്തെ തുടർന്ന് മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഒരുമണിക്കൂർ കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി 10 മിനിറ്റ് നിർത്തിയിട്ടു. ഈ സമയം കോഴിക്കോട് ഭാഗത്തുനിന്നുവന്ന ചരക്കുവണ്ടി കണ്ണൂർ സൗത്ത് സ്റ്റേഷനിൽ നിർത്തിയിട്ടു.

സർവകലാശാല ആസ്ഥാനത്തെ കുളത്തിൽനിന്നുള്ള വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയതെന്ന് അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ ഇ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ചെറിയ വഴിയായതിനാൽ വണ്ടിക്ക് കടക്കാനാകാത്തത് തിരിച്ചടിയായി. തുടർന്ന് സർവകലാശാലാവളപ്പിലെ കുളത്തിൽ ഫ്ളോട്ട് പമ്പ് (പൊങ്ങിക്കിടക്കുന്ന പമ്പ് ) വെച്ച് 10 പൈപ്പ് വഴി വെള്ളം ചീറ്റിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർമാൻമാരായ ഷിജോ, നിധീഷ്, അഖിൽ, ഹേമന്ത്, ഡ്രൈവർമാരായ പ്രദീഷ്, റിനീഷ്, ഹോംഗാർഡ് ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *