• Sun. Sep 22nd, 2024
Top Tags

കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിൻ്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

Bydesk

Apr 16, 2022

പാലക്കാട് :  എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതേതുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്.

കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധയിടങ്ങളിലായി പരിശോധനകള്‍ തുടരുകയാണ്. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സിഐമാരുണ്ട്.

പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നല്‍കും. കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ നവംബറില്‍ കൊല്ലപെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ എങ്ങനെ അക്രമികളുടെ കൈവശം എത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂര്‍ റെയ്ഞ്ച് ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ പാലക്കാട് എസ്പി ഓഫിസില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അക്രമം.

പിതാവിനൊപ്പം ജുമാ നിസ്‌കാരത്തിന് കഴിഞ്ഞ് ബൈക്കില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരുന്നതിനിടയില്‍ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ഉണ്ടായ ഒരു കേസിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന ആരോപണം. രാഷ്ട്രീയ വൈരത്താലുള്ള കൊലപാതകമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *