• Fri. Sep 27th, 2024
Top Tags

കണ്ണൂരില്‍ നിക്ഷേപക തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടമായി നിരവധിപേർ, ആശുപത്രിയിലെന്ന് ഡയറക്ടര്‍

Bydesk

Jan 5, 2023

കണ്ണൂരിൽ വീണ്ടും ടോട്ടർ ഫോർ യൂ മോഡൽ നിക്ഷേപ തട്ടിപ്പ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും കാലാവധിയായിട്ടും മുതലോ പലിശയോ തിരിച്ചു നൽകാതിരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപത്തിനെതിരെ വ്യാപക പരാതി. കാലാവധിയായിട്ടും മുതലോ പലിശയോ സ്വകാര്യകമ്പനി നൽകിയില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലിസിൽ പരാതി ലഭിച്ചിട്ടുള്ളത്.

നിക്ഷേപകരും ശമ്പളം കിട്ടാത്ത ജീവനക്കാരും സ്ഥാപനത്തിന് മുൻപിൽ കഴിഞ്ഞ ദിവസം തടിച്ചുകൂടിയിരുന്നു. ആവശ്യമുള്ളവർക്ക് ഡിസംബർ 30ന് നിക്ഷേപം തിരിച്ചു നൽകുമെന്നാണ് അധികൃതർ ഏറ്റവും ഒടുവിൽ അറിയിച്ചിരുന്നത്. എന്നാൽ ആർക്കും പണം തിരിച്ചുകിട്ടുകയോ സ്ഥാപനാധികൃതർ ഓഫീസിലെത്തുകയോ ചെയ്തിരുന്നില്ല. സ്ഥാപനത്തിന്റെ ഡയറക്ടറെന്നു പറയുന്നയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അയാൾ തന്നെ വാട്‌സ് ആപ്പിൽ നിക്ഷേപകർക്ക് സന്ദേശം അയച്ചുകൊടുത്തതായി പറയുന്നുണ്ട്. ഈ സ്ഥാപനത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് 158 പേരിൽ നിന്ന് 15 ലക്ഷം രൂപ വീതം വാങ്ങിയെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

കളളപ്പണം വെളുപ്പിക്കുന്ന ഇടപാടാണ് ഇവിടെ നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആദ്യ മാസങ്ങളിൽ നിക്ഷേപകർക്ക് കൃത്യമായി പ്രതിഫലം നൽകിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. 50 ലക്ഷം രൂപവരെ ഇവിടെ നിക്ഷേപിച്ചവരുണ്ട്. 12ശതമാനം വരെയാണ് പലിശവാഗ്ദ്ധാനം ചെയ്തത്. പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക നികുതി നൽകേണ്ടിവരുമെന്നും ഇവിടെ നിക്ഷേപിച്ചാൽ ഉയർന്ന പലിശ നൽകാമെന്നുമുള്ള വാഗ്ദ്ദാനത്തിൽ ആകൃഷ്ടരായി റിട്ടയർമെന്റ് ആനുകൂല്യം മുഴുവൻ ഈ സ്വകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചവരുമുണ്ട്.

ജില്ലയിലെ ഒരു ഡോക്ടർ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചത് മുപ്പതുലക്ഷം രൂപയാണ്. പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുള്ളതു കൊണ്ടു നിക്ഷേപകർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *