• Fri. Sep 27th, 2024
Top Tags

ഓടൻതോട് പാലം വാർത്തിട്ട് 1 വർഷം; സമീപന റോഡ് പണി ഇഴയുന്നു

Bydesk

Jan 10, 2023

ഇരിട്ടി∙ ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിനെയും കോർത്തിണക്കുന്ന ഓടൻതോട് പാലം പണി തുടങ്ങിയിട്ട് 4 വർഷം. തുടക്കത്തിൽ വേഗത്തിലും പിന്നീട് മന്ദഗതിയിലും പരാതികൾ ഏറെ കേൾപ്പിച്ച പണിയിൽ പാലം 1 വർഷം മുൻപ് പൂർത്തിയാക്കി. പാലത്തിന്റെ ഇരു വശത്തേക്കും ഉള്ള സമീപന റോഡ് പണി ഇഴയുകയാണ്. ഫാം പുനരധിവാസ മേഖലയിൽ നബാർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന 38.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 5.5 കോടി രൂപ ചെലവിൽ ഓടൻതോടിൽ കോൺക്രീറ്റ് പാലം പണിയുന്നത്. കിറ്റ്‌കോയ്ക്കാണ് ചുമതല.
128 മീറ്റർ നീളമുള്ള പാലം 32 മീറ്ററിന്റെ 4 സ്പാനുകളായാണ് പണി. 11.05 മീറ്ററാണ് വീതി. വാഹന ഗതാഗതത്തിനു പുറമേ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. പതിറ്റാണ്ടുകളോളം തൂക്കുപാലവും പിന്നീട് നാട്ടുകാർ പണിത ചപ്പാത്തും വഴിയായിരുന്നു ഇവിടെ ജനം മറുകര താണ്ടിയത്.

തൂക്കുപാലത്തിൽ നിന്ന് ആളുകൾ വീണ് മരിച്ചിട്ടുണ്ട്. പാലം പൊട്ടിവീഴുന്നതു സ്ഥിരമായതോടെയാണു നാട്ടുകാർ സ്വന്തം നിലയ്ക്ക് കോൺക്രീറ്റ് ചപ്പാത്ത് പണിതത്. അടിയന്തര പ്രാധാന്യം ഉള്ള നിർമാണം ആണു 4 വർഷം ആയും പൂർത്തിയാകാതെ നീളുന്നത്. ഇരുചക്ര വാഹനത്തിന് കടന്നു പോകുവാനായി ചെറിയൊരു താൽക്കാലിക പാത ഒരുക്കിയിട്ടുണ്ടെങ്കിലും ഏതു സമയവും നിലയ്ക്കാം.

വയനാട് യാത്രയുംഎളുപ്പത്തിലാകും

വയനാട് ജില്ലയിലും കൊട്ടിയൂർ, കാണിച്ചാർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ ഉള്ളവർക്കും ആറളം, പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലേക്കും മലയോര ഹൈവേ വഴി ചെറുപുഴ ഭാഗത്തേക്കും കുടക് ജില്ലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി കൂടിയാണ് ഓടൻതോട് പാലം.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാർക്ക് എളുപ്പത്തിൽ ടൗണുകളുമായി ബന്ധപ്പെടാനും പാലം ഉപകാരപ്പെടും. ഈ സാധ്യത കണക്കിലെടുത്താണ് നബാർഡ് പദ്ധതിയിൽ പാലം പണി ഉൾപ്പെടുത്തിയതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *