• Fri. Sep 27th, 2024
Top Tags

പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർ നിർമിക്കുന്നതിന് വിദഗ്ധ സംഘത്തിന്റെ സന്ദർശനം

Bydesk

Jan 19, 2023

‌ഇരിട്ടി∙5 വർഷം മുൻപത്തെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർനിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ വിദഗ്ധ സംഘം എത്തിയതിന്റെ പ്രതീക്ഷയിലാണ് ജനം. റീബിൽഡ് കേരളയിൽ നിന്നുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. അയ്യൻകുന്ന് – ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറളം മാഞ്ചോടെ പാലം 2018 ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണു തകർന്നത്.

പ്രളയത്തിൽ തകർന്നതുകൊണ്ട് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ തന്നെ പുതിയ പാലം യാഥാർഥ്യമാക്കുമെന്നു അധികൃതർ വാഗ്ദാനം നൽകി. അപകട സമയത്ത് സ്ഥലത്തെത്തിയ സൈന്യം നിർമിച്ച താൽക്കാലിക പാലവും 2 വർഷം മുൻപ് തകർന്നിട്ടും പുതിയ പാലം വരാത്തതിന്റെ പ്രതിഷേധത്തിലും ദുരിതത്തിലും ആയിരുന്നു ജനം

റീബിൽഡ് കേരള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ഷിജു ചന്ദ്രൻ, ഹശ്രമോൾ, അസിസ്റ്റന്റ് എൻജിനീയർമാരായ ജെ.വിനോദ്, മൂഹമ്മദ് റോഷൻ എന്നിവരുടെ നേതൃത്വത്തിൽ എർണാകുളത്തെ ടിക്‌സോട്രോഫി എന്ന കൺസൽറ്റൻസിയാണ് ഡിസൈൻ തയാറാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്) എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.

വിദഗ്ധ സംഘം സമർപ്പിക്കുന്ന എസ്റ്റിമേറ്റ് അംഗീകരിച്ച ശേഷമേ ഫണ്ട് അനുവദിക്കൂ. ഇനിയും കാലതാമസം വരാതിരിക്കാൻ സർക്കാർ കരുണ കാണിക്കണമെന്നാണ് പ്രദേശവാസികളുടെ അഭ്യർഥന.ദുരിതം നേരിടുന്നത് 500 ൽ അധികം കുടുംബങ്ങൾമേഖലയിൽ 500 – ൽ അധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന പാലമാണിത്.

ആറളം പഞ്ചായത്തിലെ മാഞ്ചോട്, കരടിമല ഭാഗങ്ങളിൽ ഉള്ളവർക്ക് എളുപ്പത്തിൽ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണുമായും മറ്റും ബന്ധപ്പെടുന്നതിന് സാധ്യമാകുന്നത് ഈ പാലത്തിലൂടെയാണ്. വിദ്യാർഥികൾക്കു കരിക്കോട്ടക്കരി സ്കൂളിൽ എത്താനും ക്ഷീര കർഷകർക്കു

സംഘത്തിൽ പാൽ അളക്കാൻ എത്താനും ഉപകാരപ്പെട്ടിരുന്നതും ഈ പാലം ആയിരുന്നു. മാഞ്ചോട് മേഖലയിൽ ഉള്ളവർക്കു ബസ് സൗകര്യം ഇല്ലാഞ്ഞതിനാൽ പാലം കടന്നു അയ്യൻകുന്ന് പഞ്ചായത്ത് പരിധിക്കുള്ളിൽ എത്തി വേണം ബസിൽ കയറാൻ. പാലം തകർന്നതോടെ കാൽ നടയായി വളരെ ദൂരം യാത്ര ചെയ്യേണ്ട ഗതികേടിലാണു നാട്ടുകാർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *