• Fri. Sep 27th, 2024
Top Tags

എം.ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നു; ഇന്ന് വിരമിക്കല്‍

Bydesk

Jan 31, 2023

സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തില്‍ കറുത്ത നിഴലായി മാറി സ്വര്‍ണക്കടത്ത് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു ആന എന്ന അനുഭവക്കുറിപ്പില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു

നിലവില്‍ കായിക- യുവജനകാര്യം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ നല്‍കി. 1978ലെ എസ്.എസ്.എല്‍.സിക്ക് രണ്ടാം റാങ്കായിരുന്നു എം.ശിവശങ്കറിന്.

ബി.ടെകിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ചിക്കുന്നത്. 2000ല്‍ ഐ എ എസ് ലഭിച്ചു. മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്തതോടെ 2106ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പദവിയിലെത്തി. 2019ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം. മികച്ച ഉദ്യോഗസ്ഥനായി തിളങ്ങുമ്പോഴാണ് സ്വര്‍ണക്കടത്ത് ആരോപണം അദ്ദേഹത്തിന് മേല്‍ പതിക്കുന്നത്. അതിനു മുമ്പ് സ്പ്രിംക്ലര്‍, ലൈഫ് മിഷന്‍ ആരോപണങ്ങളുയര്‍ന്നുവെങ്കിലും അപ്പോഴൊക്കെ മുഖ്യമന്ത്രി അദ്ദേഹത്തിന് പ്രതിരോധം തീര്‍ത്തു. എന്നാല്‍ സ്വര്‍ണക്കടത്ത് ആരോപണം അദ്ദേഹത്തെ വേട്ടയാടി.

സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലാകുകയും ഒരു വര്‍ഷത്തെ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ 28ന് സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന് 98 ദിവസത്തെ ജയില്‍വാസം. ഇതോടെ വലിയ രാഷ്ട്രീയ വിവാദമാണ് കേരളത്തിലുണ്ടായത്. ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞ് തിരികെ സര്‍വീസില്‍ എത്തി. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് അശ്വത്ഥാമാ വെറും ഒരു ആന എന്ന അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ഇതും പിന്നീട് വിവാദങ്ങള്‍ തിരികൊളുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *