• Thu. Sep 19th, 2024
Top Tags

ഇഹലോകത്തെ പ്രാർത്ഥനാ ജീവിതത്തോട് വിട പറഞ്ഞ് മനോജച്ചൻ ദൈവസന്നിധിയിലേക്കു യാത്രയായി

Bydesk

May 30, 2023

വടകരയിൽ വച്ചു നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞ യുവവൈദികന് യാത്രാമൊഴി നൽകി ഉറ്റവരും സുഹൃത്തുക്കളും പ്രിയ ഗ്രാമവും. ആദ്യമായി ദിവ്യബലി അർപ്പിച്ച ദേവാലയത്തോടും ബലിപീഠത്തോടും യാത്ര പറഞ്ഞ് വരകളുടെയും നിറങ്ങളുടെയും ലോകത്തെ അപൂർവ ചിത്രകാരൻ യാത്രയായി. പ്രിയപ്പെട്ട നിറങ്ങളും ബ്രഷും ഉപേക്ഷിച്ച് വളരെ വേഗമൊരു യാത്ര. മനോജച്ചനെ കുറിച്ചുള്ള വിശേഷണങ്ങൾ ഒന്നും തന്നെ അധികമാകില്ല. ചിത്രങ്ങൾക്കും, പാട്ടിനും, എഴുത്തിനുമപ്പുറം നല്ലൊരു അധ്യാപകൻ കൂടിയായിരുന്നു അച്ചൻ. വരകൾ കൊണ്ടും വാക്കുകൾ കൊണ്ടും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിവുണ്ടായിരുന്ന അപൂർവ പ്രതിഭ.

എടൂർ ഇടവകാംഗമായ ഒറ്റപ്ലാക്കൽ അപ്പച്ചൻ -കുട്ടിയമ്മ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് ഫാ. മനോജ്. മഞ്ജുഷ, ഫാ. ജോജേഷ്, ജിജേഷ് എന്നിവർ സഹോദരങ്ങളാണ്. 1985 മാർച്ച് 19 നാണ് മനോജച്ചൻറെ ജനനം. 2000- ത്തിൽ സെമിനാരിയിൽ പഠനമാരംഭിച്ച മനോജ ച്ചൻ 2011ൽ വൈദിക പട്ടം സ്വീകരിച്ചു. 12 വർഷത്തെ തന്റെ വൈദികജീവിതത്തിൽ വരച്ചും എഴുതിയും വളരെ വേഗം എവർക്കും പ്രിയപ്പെട്ടവനായി. വരച്ചു തീർത്തതിനെക്കാൾ ഭംഗിയുള്ളത് വരയ്ക്കാൻ മറന്ന മറ്റൊരു ചിത്രത്തിനാണെന്ന് പറയാതെ പറഞ്ഞ് ചായങ്ങളും ബ്രഷും ഇവിടെ മറന്നുവച്ച് തന്റെ 38 -മത്തെ വയസ്സിലാണ് അച്ചൻ ദൈവ സന്നിധിയിലേക്കു യാത്രയായത് .

തിങ്കളാഴ്ച വൈകുന്നേരം അച്ചന്റെ ഭൗതികശരീരം തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രൽ ചർച്ചിൽ പൊതുദർശനത്തിനു വച്ച ശേഷം രാത്രി 10.30- ഓടെ എടൂർ മരുതാവിലുള്ള അച്ചന്റെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വച്ചു. രാവിലെ 10.30 ന് വീട്ടിൽ നിന്നും വിലാപ യാത്ര ആരംഭിച്ച് സ്വന്തം ഇടവകയായ എടൂർ സെന്റ് മേരീസ് ദേവാലയത്തിൽ 3 മണി വരെ പൊതുദർശനത്തിന് വച്ചു. കാലത്തു മുതൽ പുരോഹിതരും സന്യസ് തരും സുഹൃത്തുക്കളുമടങ്ങുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട മനോജച്ചന് അന്ത്യോപചാരമർപ്പിക്കാൻ എത്തി.

വൈകുന്നേരം 3.30 ന് ആരംഭിച്ച സംസ്കാരശുശ്രൂഷകൾക്ക് തലശ്ശേരി അതിരൂപത മെത്രാൻ മാർ. ജോസഫ് പാമ്പ്ലാനി, മാർ. എമിരിറ്റസ് ജോർജ് വലിയമറ്റം എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. മോ. ആന്റണി മുതുകുന്നേൽ, മോ. ജോസഫ് ഒറ്റപ്ലാക്കൽ, മോ. സിബി പാലാക്കുഴി, മോ. മാത്യു ഇളംതുരതുരുത്തിപടവിൽ, താമരശ്ശേരി വികാരി ജനറൽ ജോയിസ് വയലിൽ, സി എസ് റ്റി ജനറൽ ഫാ. ജോജോ വരവുകാലായിൽ, ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ്പിന്റെ അനുശോചന സന്ദേശം പ്രൊക്രൈറ്റർ ജോസഫ് കാക്കരമറ്റവും, മനോജച്ചന്റെ ലഘു ജീവചരിത്രം ചാൻസിലർ ഫാ. ബിജു മുട്ടത്തുകുന്നേലും വായിച്ചു. അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ ഫാ. ഫിലിപ്പ് കവിയിൽ, ജുഡീഷ്യൽ വികാർ ഫാ. ജോൺസൺ കോവൂർപുത്തൻപുര, ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിൽ, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി,ബിഷപ്പ് ഹൗസിലെയും സന്ദേശ ഭവനിലേയും വൈദികർ, അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ വൈദികരും സിസ്റ്റേഴ്സും അന്ത്യോപചാരം അർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *