• Tue. Sep 17th, 2024
Top Tags

വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്റെ ആത്മഹത്യ; ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍

Bydesk

May 31, 2023

പുല്‍പ്പള്ളിയിലെ വായ്പാ തട്ടിപ്പ് കേസില്‍ പരാതിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യന്‍. മരിച്ച രാജേന്ദ്രന്‍ നായര്‍ക്ക് വായ്പ അനുവദിച്ചത് തന്റെ വ്യാജ ഒപ്പിട്ടിട്ടാണ്. ലോണുകള്‍ ക്രമവിരുദ്ധമായി നല്‍കിയത് ഭരണസമിതിയുടെ പ്രസിഡന്റ് ആയിരുന്ന കെ കെ എബ്രഹാം ആണെന്നും ടി എസ് കുര്യന്‍ ആരോപിച്ചു.

രാജേന്ദ്രന്‍ നായരുടെ വീട് തന്റെ സര്‍വീസ് ഏരിയയിലാണുള്ളത്. അദ്ദേഹത്തിന്റെ അപേക്ഷ താന്‍ കണ്ടിട്ടില്ല. സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടു. വായ്പാ വിതരണത്തിലെ ക്രമക്കേട് പാര്‍ട്ടി തലത്തില്‍ അറിയിച്ചിരുന്നു. ക്രമക്കേടില്‍ സഹകരണവകുപ്പിന്റെ അന്വേഷണം പ്രഹസനമായെന്ന് ടി എസ് കുര്യന്‍ ആരോപിച്ചു.

ക്രമക്കേടില്‍ ഭരണസമിതി അംഗങ്ങള്‍ നിരപരാധികളാണ്. അഴിമതി പണത്തിന്റെ പങ്കുപറ്റി ഒരു മിഠായി പോലും വാങ്ങിയിട്ടില്ല. പ്രസിഡന്റ് ആണ് അഴിമതി നടത്തിയത്. പ്രസിഡന്റിന്റെ ബിനാമി സജീവന്റെ അക്കൗണ്ടില്‍ തുക വന്നിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. സേവാദള്‍ ജില്ലാ ഭാരവാഹിയാണ് സജീവന്‍. ഇക്കാര്യങ്ങളിലെല്ലാം പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടിഎസ് കുര്യന്‍ പറഞ്ഞു.

ഇന്നലെയാണ് വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രന്‍ നായരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പകമൂല സ്വദേശിയാണ് രാജേന്ദ്രന്‍. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *