• Tue. Sep 17th, 2024
Top Tags

മുകളിൽ തോട്ടി കെട്ടിവെച്ചു പോയ കെ.എസ്.ഇ.ബി വാഹനത്തിനും 25,500 രൂപ പിഴയിട്ട് എ.ഐ കാമറ

Bydesk

Jun 21, 2023

അമ്പലവയൽ: തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് 20,500 രൂപ പിഴ. വയനാട് അമ്പലവയലിലാണ് സംഭവം. ജീപ്പിനുമുകളിൽ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറയിലാണ് പതിഞ്ഞത്.

ജീപ്പിനു മുകളിൽ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെ.എസ്.ഇ.ബി ജീവനക്കാർക്കാണ് എ.ഐ കാമറ പണികൊടുത്തത്. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്‌ക്കെടുത്തതായിരുന്നു ജീപ്പ്. ഇതിന് മുകളിൽ കെട്ടിവെച്ച തോട്ടി പുറത്തേക്ക് തള്ളിനിന്നത് എ.ഐ കാമറയിൽ പതിഞ്ഞതോടെയാണ് കെ.എസ്.ഇ.ബിയും കുരുക്കിലായത്. ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ചതിന് പിഴയായി 20,000 രൂപയും, സീറ്റ് ബെൽറ്റിടാത്തതിന് 500 രൂപയുമാണ് പിഴ.

ഇത്രയും വലിയ തുക പിഴയായി വന്നതോടെ കെ.എസ്.ഇ.ബി അധികൃതരും ഞെട്ടിയിരിക്കുകയാണ്. സീറ്റ് ബെൽറ്റേ ഇല്ലാത്ത ജീപ്പിന് എങ്ങനെ സീറ്റ് ബെൽറ്റിടും എന്ന ചോദ്യവും ബാക്കിയാണ്. സംഭവത്തിൽ കെ.എ സ്.ഇ.ബി ഉന്നതരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് അമ്പലവയൽ കെ.എസ്.ഇ.ബി ഇലക്ട്രിക്ഷൻ അസി. എഞ്ചിനീയർ എ.ഇ സുരേഷ് പറഞ്ഞു. മഴക്കാലമായതിനാൽ ലൈനിൽ അറ്റകുറ്റപ്പണികൾ സ്ഥിരമായി ഉണ്ടാകുമ്പോൾ ലൈൻ ക്ലിയർ ചെയ്യാൻ ഇത്തരത്തിൽ തോട്ടിയടക്കമുള്ളവയുമായി പോകാറുണ്ടെന്നും ഇതിനെല്ലാം പിഴ ഈടാക്കാൻ തുടങ്ങിയാൽ വൈദ്യുതിസംബന്ധമായ ജോലികൾ മുടങ്ങുമെന്നും വൈദ്യുതിവകുപ്പ് അധികൃതർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *