നടുവിൽ: വയോജനങ്ങൾക്കായി നിർമിച്ച പകൽവീടുകൾ ലക്ഷ്യം കാണാതെ നശിക്കുന്നു. പരസ്പരം കാണാനും സംസാരിക്കാനും വിശ്രമിക്കാനുമൊക്കെ ഉദ്ദേശിച്ച് തുടങ്ങിയതാണിവ. എന്നാൽ, നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം നടുവിൽ പഞ്ചായത്തിലെ രണ്ട് പകൽവീടുകൾ അടച്ചിട്ടിരിക്കുകയാണ്. നടുവിൽ പടിഞ്ഞാറും വെള്ളാടും.
ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമിച്ചതാണ് രണ്ടും. കെട്ടിടനിർമാണത്തിനുമാത്രം 15 ലക്ഷം രൂപ വീതം ചെലവായിട്ടുണ്ട്. വെള്ളാടിലേത് പൂട്ടിയിട്ടിരിക്കുകയാണ്. നടുവിൽ പടിഞ്ഞാറേത് വായനശാലയായി പ്രവർത്തിക്കുന്നു. ഇതിനുപുറമേ നടുവിൽ പഞ്ചായത്തിൽ മാത്രം 12 വാർഡുകളിൽ വയോജനമന്ദിരങ്ങളും പണിതിട്ടുണ്ട്.
മണ്ടളത്തെ വയോജന മന്ദിരത്തിൽ 70 അംഗങ്ങൾ വരെ പങ്കെടുക്കാറുണ്ട്. ആലക്കോട് ഒൻപതും ചപ്പാരപ്പടവ് ഏഴും വയോജനമന്ദിരങ്ങളാണുള്ളത്.
വയോജനങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് രൂപകൽപ്പന ചെയ്യാത്തതാണ് പകൽ വീടുകൾ നേരിടുന്ന പ്രശ്നം. ടോയ്ലറ്റ്, കുടിവെള്ളം, ടാപ്പുകൾ, ഫാൻ, വിശ്രമമുറി, റാമ്പ്, ശാരീരികാവസ്ഥയ്ക്കു പറ്റിയ ഇരിപ്പിടം തുടങ്ങിയവയൊന്നും സജ്ജീകരിക്കപ്പെടാതെയാണ് പകൽവീടുകൾ നിർമിക്കപ്പെട്ടത്.
വൈദ്യുതി കണക്‌ഷൻ കിട്ടാത്ത കെട്ടിടങ്ങളും ഉണ്ട്. പരിചരണത്തിന് ആളുമില്ലാത്ത അവസ്ഥയാണ്.
വയോജനങ്ങൾ കൂടുന്നു❗
മലയോര പ്രദേശങ്ങളിൽ അടുത്ത കാലത്ത് ഒറ്റപ്പെട്ടുകഴിയുന്ന പ്രായമായവരുടെ എണ്ണം കൂടിവരുന്നുണ്ട്. മിക്ക വീടുകളിലെയും ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയതാണ് കാരണം.
നടുവിൽ, ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളിലായി 1800 അംഗങ്ങൾ കേരള വയോജന വേദിക്കുണ്ട്. നടുവിൽ പഞ്ചായത്തിൽ 800 അംഗങ്ങളാണുള്ളത്. അംഗത്വമെടുക്കാത്തവർ ഇതിലും കൂടും.