• Sat. Jul 27th, 2024
Top Tags

കനത്ത ചൂടിൽ ജില്ലയിലെ തെങ്ങുകൾ നശിക്കുന്നു

Bynewsdesk

Dec 31, 2023

കുറ്റ്യാട്ടൂർ∙അന്തരീക്ഷത്തിലെ കനത്ത ചൂടും, രോഗങ്ങളും കാരണം വർഷങ്ങളുടെ വളർച്ചയുള്ള കായ്ഫലമേറിയ തെങ്ങുകൾ കൂട്ടമായി നശിക്കുന്നു. വേനലിന്റെ ആരംഭത്തിൽ തന്നെ ഓലകൾക്ക് നാശം സംഭവിച്ച് ക്രമേണ തെങ്ങുകൾ ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലും. തെങ്ങുകളുടെ നാശം നാളികേര കർഷകരുടെ ദുരിതത്തിനു കാരണമാകുകയാണ്.

ജില്ലയുടെ പല ഭാഗങ്ങളിലായി കഴിഞ്ഞ വേനലിൽ  നാശം സംഭവിക്കാതിരിക്കാൻ  തടമെടുത്ത് രാവിലെയും വൈകിട്ടും വെള്ളം ഒഴിച്ച് പരിപാലിച്ചിരുന്ന നൂറുകണക്കിനു തെങ്ങുകൾ പൂർണമായും ഉണങ്ങി നശിച്ചിരുന്നു. അന്തരീക്ഷത്തിലെ വർധിച്ച് വരുന്ന ചൂട് പ്രതിരോധിക്കാൻ കഴിയാത്തതാണ് തെങ്ങുകൾ ഉണങ്ങി നശിക്കാൻ കാരണമെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.

കൂടാതെ പലതരത്തിലുള്ള കീടങ്ങൾ മൂലമുള്ള രോഗങ്ങളും തെങ്ങുകളുടെ നാശത്തിനു ഇടയാക്കുകയാണ്. നാറാത്ത്, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ ഒട്ടേറെ തോട്ടങ്ങളിലെ നൂറുകണക്കിനു തെങ്ങുകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നശിച്ചത്. ആയിരങ്ങളുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായിട്ടുള്ളത്. തെങ്ങുകളുടെ നാശം കർഷകരെ കൂടാതെ കള്ളുചെത്ത്, തെങ്ങ് കയറ്റം എന്നീ തൊഴിൽ മേഖലയിലും പ്രതിസന്ധിക്കു കാരണമാകുന്നു. തെങ്ങുകൾ വ്യാപകമായി നശിക്കുന്നത് തങ്ങളുടെ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് തൊഴിലാളികൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *