2024-25 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിൽ/ സെൻററുകളിൽ പി ജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ എൽ ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇരുപത്തിയെട്ടോളം പഠനവകുപ്പുകളിലായി പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നാൽപ്പതിലധികം പ്രോഗ്രാമുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30-4-2024 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
മുൻ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് എസ് സി/ എസ് ടി/ പി ഡബ്ള്യു ബി ഡി വിഭാഗങ്ങൾക്ക് 200/- രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500/- രൂപയുമാണ്. ഓരോ അധിക പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് എസ് സി/ എസ് ടി/ പി ഡബ്ള്യു ബി ഡി വിഭാഗങ്ങൾക്ക് 100/- രൂപ വീതവും, മറ്റ് വിഭാഗങ്ങൾക്ക് 200/- രൂപ വീതവുമാണ്. എസ് ബി ഐ ഇ -പേ വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി ഡി, ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം ബി എ പ്രോഗ്രാമിൻറെ പ്രവേശനം കെ മാറ്റ്/ സി മാറ്റ്/ കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിൻറെയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ സ്കോറിന്റെയും അടിസ്ഥാനത്തിലാണ്. അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രവേശന പരീക്ഷകൾ കണ്ണൂർ, തലശ്ശേരി, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും.
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 7356948230, 0497-2715284, 0497-2715261 എന്നീ നമ്പറുകളിലും deptsws@kannuruniv.ac.in എന്ന മെയിൽ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.