• Sun. Sep 8th, 2024
Top Tags

മെസിയുടെ വിരമിക്കലിനെക്കുറിച്ച് ഡി പോള്‍

Bynewsdesk

Jun 20, 2024

റിയോഡി ജനീറോ: നായകന്‍ ലിയോണല്‍ മെസി അർജന്‍റീന ടീമിന്‍റെ ഭാഗം അല്ലാതാകുന്ന ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോഴേ  ഭയം തോന്നുന്നുവെന്ന് അര്‍ജന്‍റീന താരം റോഡ്രിഗോ ഡീ പോള്‍. വിരമിച്ചാലും ടീമിനാവശ്യം ഉള്ളപ്പോൾ ഫോണെടുത്ത് വിളിച്ചാൽ താൻ അടുത്തെത്തുമെന്ന് മെസി പറഞ്ഞതായും ഡി പോൾ അമേരിക്കന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അദ്ദേഹം കൂടെയുള്ളപ്പോള്‍ ഞങ്ങള്‍ക്കെല്ലാം എളുപ്പമാണ്. മെസിയുള്ളതുകൊണ്ടാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുന്നത്. അതിന് അദ്ദേഹത്തോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. മെസിയാണ് ഈ ടീമിന്‍റെ എല്ലാം. മെസിയോട് എപ്പോഴും ഞങ്ങള്‍ ഇതിനെ കുറിച്ച് സംസാരിക്കും. ദേശീയ ടീമിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നീ ഫോണെടുത്ത് ഒന്ന് വിളിച്ചാല്‍ മതി ഞാന്‍ അവിടെയെത്തുമെന്നും ഞാൻ എപ്പോഴും നിങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറയും.
ഗ്രൗണ്ടിലായാലും പുറത്തായാലും മെസിക്കൊപ്പം എപ്പോഴും നിഴലായി കാണാറുള്ള ഡി പോളിനെ അർജന്‍റീന നായകന്‍റെ ബോഡിഗാർഡ് എന്നാണ് ആരാധകർ വിശേഷിക്കുന്നത്. കോപ അമേരിക്ക ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീന നാളെ കാനഡയെ നേരിടാനറങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗ്വാട്ടിമാലക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ മെസി അര്‍ജന്‍റീന കപ്പായത്തിലെ തന്‍റെ ഗോള്‍നേട്ടം 108 ആയി ഉയര്‍ത്തിയിരുന്നു. അര്‍ജന്‍റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകളും(108) അസിസ്റ്റുകളും(57) നല്‍കിയ താരവും മെസിയാണ്.
2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ അര്‍ജന്‍റീനക്കായി സ്വര്‍ണം നേടിയ മെസി ആദ്യ രാജ്യാന്തര കീരിടത്തിനായി പിന്നീട് 12 വര്‍ഷം കാത്തിരുന്നു. 2020ലെ കോപ അമേരിക്കയില്‍ അര്‍ജന്‍റീനയെ ചാമ്പ്യന്‍മാരാക്കിയ മെസി പിന്നാലെ ഫൈനലിസിമ കിരീടവും 2022ലെ ലോകകപ്പും ടീമിന് സമ്മാനിച്ചു. 36കാരനായ മെസി കോപ അമേരിക്കയോടെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സൂചനയുണ്ടെങ്കിലും 2026ലെ ലോകകപ്പ് വരെ കളി തുടരാന്‍ ടീം അംഗങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ട്. യൂറോപ്യന്‍ ഫുട്ബോള്‍ വിട്ട് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചുവടുമാറിയ മെസി ഡേവിഡ് ബെക്കാമിന്‍റെ ഇന്‍റര്‍ മയാമിക്കായാണ് ഇപ്പോള്‍ കളിക്കുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *