• Sat. Sep 21st, 2024
Top Tags

ബില്ലടയ്ക്കുമ്പോൾ ഫോൺ നമ്പർ ആവശ്യപ്പെടുന്നത് തുടരുന്നു; സർക്കാർ നിർദേശത്തിന് പുല്ലുവില

Bydesk

Feb 18, 2023

ന്യൂഡൽഹി • വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ വ്യാപാരസ്ഥാപനങ്ങൾ. സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാനെത്തുമ്പോള്‍ പതിവുപോലെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നത് തുടരുകയാണ്. അതേസമയം നമ്പര്‍ നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുന്നുമില്ല. മൊബൈല്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ കൗണ്ടറിലുള്ളവർ തന്നെ ഒരു നമ്പര്‍ നൽകും. ഇല്ലെങ്കില്‍ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മുന്നോട്ടു പോകാനാകില്ല. സ്വാഭാവികമായും ഉപഭോക്താക്കള്‍ ശീലംകൊണ്ട് നമ്പര്‍ പറഞ്ഞുപോകും. കിട്ടുന്നതത്രയും മതിയെന്നാണ് കമ്പനികളുടെ മട്ട്. അതുകൊണ്ടുതന്നെ നമ്പർ തരണമെന്നു വാശിയില്ല.അനധികൃത ഡേറ്റ ശേഖരണവും വിവര ചോർച്ചയും ചർച്ചയാകുന്ന കാലത്താണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് വ്യാപാരസ്ഥാപനങ്ങൾ തുടരുന്നത്. ഒരു മൊബൈൽ നമ്പറും ബില്ലിങ് വിവരങ്ങളും ഉണ്ടെങ്കിൽ ഒരു വ്യക്തിയുടെ ഉപഭോഗ ശീലങ്ങളും രീതികളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഫോൺ നമ്പൾ ആവശ്യപ്പെടുന്നത് തടയാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ന്യായമായ കാരണം വ്യക്തമാക്കിയില്ലെങ്കിൽ കടകളിൽ സാധനം വാങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഡൽഹി വിമാനത്താവളത്തിനുള്ളിലെ കടയിൽനിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോൾ കടക്കാരൻ മൊബൈൽ നമ്പർ ആവശ്യപ്പെട്ടതു സംബന്ധിച്ചു പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ്. ഠാക്കൂർ ട്വീറ്റ് ചെയ്തതിനായിരുന്നു മന്ത്രിയുടെ മറുപടി. സുരക്ഷാ കാരണങ്ങളാൽ മൊബൈൽ നമ്പർ വേണമെന്നായിരുന്നു ദിനേശിനോടു കടയുടെ മാനേജർ പറഞ്ഞത്. തുടർന്ന് ച്യൂയിങ് ഗം വാങ്ങാതെ കടയിൽ നിന്നിറങ്ങിയെന്നായിരുന്നു ട്വീറ്റ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *