• Tue. Sep 24th, 2024
Top Tags

പരിയാരം പോലീസ് സ്റ്റേഷൻ ഞായറാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Bydesk

Mar 5, 2022

സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ കെട്ടിടം പരിയാരത്ത് മാർച്ച് ആറ് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ദേശീയ പാതയോട് ചേർന്ന് റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള അമ്പത് സെന്റ് സ്ഥലത്താണ് പുതിയ പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടം. 1.81 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 8000 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിന് രണ്ട് നിലകളാണുള്ളത്.

ആധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച സെമി അർബൻ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണച്ചുമതല കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു. പോലീസ് സേനയുടെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് സ്റ്റേഷന്റെ പ്രധാന ആകർഷണം. രണ്ട് ലോക്കപ്പ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

2009 ഫെബ്രുവരി 10നാണ് പഴയ ടിബി സാനിട്ടോറിയം സൂപ്രണ്ട് കെട്ടിടത്തിൽ പരിയാരം പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മുൻ എംഎൽഎ ടി വി രാജേഷിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് പുതിയ കെട്ടിടത്തിനായി സ്ഥലം ലഭിച്ചത്. ഇതിനായി 2014ൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 2019 ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവയ്ക്കുകയായിരുന്നു.

പഴയ പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. എം വിജിൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാതിഥിയാകും. ജനപ്രതിനിധികൾ, പോലീസ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *