• Mon. Sep 23rd, 2024
Top Tags

റെയിൽ പാലത്തിൽ നിന്ന് വളപട്ടണം പുഴയിൽ വീണ ആളെ രക്ഷിച്ച് ബോട്ട് ജീവനക്കാർ

Bydesk

Mar 14, 2022

പറശ്ശിനിക്കടവ് ∙ വളപട്ടണം റെയിൽ പാലത്തിൽ നിന്നു ഗുഡ്സ് ട്രെയിൻ വരുന്നതു കണ്ട് പുഴയിലേക്കു വീണ ആളെ രക്ഷിച്ച് ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാർ. പാപ്പിനിശേരി സ്വദേശി ബാബു (47) ആണ് ഇന്നലെ 12.15ന് റെയിൽ പാലത്തിൽ നിന്ന് ആഴമേറിയ വളപട്ടണം പുഴയിലേക്കു വീണത്. ജലഗതാഗത വകുപ്പിന്റെ മാട്ടൂൽ – പറശ്ശിനിക്കടവ് ബോട്ട് ഈ സമയം അതുവഴി വരുന്നുണ്ടായിരുന്നു. ബാബു പുഴയിൽ മുങ്ങി താഴുന്നതു കണ്ട് ബോട്ട് സമീപത്തേക്ക് അടുപ്പിച്ച് ഡ്രൈവർ എം.സന്ദീപ് ലൈഫ് ജാക്കറ്റുമായി പുഴയിലേക്കു ചാടുകയായിരുന്നു.

ബോട്ട് മാസ്റ്റർ പയ്യന്നൂർ രാമന്തളി പി.ബേബി, സ്രാങ്ക് പാലക്കാട് സ്വദേശി ജി.കൃഷ്ണകുമാർ, ലാസ്കർമാരായ എറണാകുളം സ്വദേശി എം.മനോജ്, പുതിയതെരുവിലെ കെ.സജിത് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തുടർന്ന് ഇവർ വളപട്ടണം പൊലീസിൽ വിവരമറിയിച്ചു. വളപട്ടണം ജെട്ടിയിലെത്തിയ പൊലീസ് വാഹനത്തിൽ ബാബുവിനെ ആശുപത്രിയിലേക്കു മാറ്റി. ബാബുവിനെ ആശുപത്രിയിൽ പരിശോധനയ്ക്കു ശേഷം പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ബോട്ട് ജീവനക്കാരെ യാത്രക്കാർ ഉൾപ്പെടെ അഭിനന്ദിച്ചു. കോഴിക്കോട് സ്വദേശിയാണു ബോട്ട് ഡ്രൈവർ സന്ദീപ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *