• Tue. Sep 24th, 2024
Top Tags

ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മഴക്കാലത്തെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കനാലിൽ ഷട്ടർ

Bydesk

Mar 17, 2022
ഇരിട്ടി: അണകെട്ടാതെ ട്രഞ്ച്‌വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മഴയ്ക്കലത്തെ വെള്ളപ്പൊക്കവും മഴവെള്ള പാച്ചിലും പ്രതിരോധിക്കുന്നതിന് കനാലിൽ ഷട്ടർ സ്ഥാപിക്കുന്നത് ഉൾപ്പെടെ ഉള്ള പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ 3 വർഷങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജവൈദ്യുതി പദ്ധതിയുടെ കനാലിൽ കൂടി വെള്ളം കയറി ഒഴുകി വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. ഫോർബെ ടാങ്കും പവർഹൗസും ഉൾപ്പെടെ പ്രതിസന്ധിയിൽ ആകുന്ന സാഹചര്യവും ഉണ്ടായി. ഇത് ഒഴിവാക്കാൻ കനാലിന്റെ തുടക്കത്തിൽ ഡീസിൽറ്റിങ് ടാങ്ക് കഴിഞ്ഞ ഉടൻ 70 ലക്ഷം രൂപ ചെലവിൽ ഷട്ടർ സ്ഥാപിക്കുന്നതിനുള്ള പണികൾ തുടങ്ങി.
5 മീറ്റർ ഉയരത്തിൽ ഇരുമ്പിൽ തീർക്കുന്ന ഷട്ടർ വൈദ്യുതി സഹായത്താൽ എളുപ്പം ഉയർത്താനും അടക്കാനും കഴിയുന്നതാണ്.
ബാരാപ്പുഴയിൽ നിന്നു നിരൊഴുക്ക് തടസ്സപ്പെടാത്ത വിധം പുഴക്ക് കുറുകെ ട്രഞ്ച് നിർമ്മിച്ച് ഇതുവഴി വെള്ളം തിരിച്ചു കനാൽ വഴി കൊണ്ടു വന്നാണു വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഉരുൾപൊട്ടലോ, മറ്റു ഏതെങ്കിലും കെടുതികളോ ഉണ്ടായി അമിതമായി വെള്ളം എത്തിയിൽ കനാലിലൂടെ ഒഴുകുന്നത് തടയുകയാണ് ലക്ഷ്യം. ഇവിടെ ഷട്ടർ സ്ഥാപിക്കുന്നതോടെ വെള്ളം തിരികെ പുഴയിലേക്കു ഒഴുകി കൊള്ളും. കനാൽ പ്രദേശത്തെ ജനങ്ങളും പവർ ഹൗസും ഉൾപ്പെടെ മലവെള്ളം കയറി ഒഴുകി അപകടാവസ്ഥയിൽ ആകുന്ന ഭീഷണിയും ഒഴിവാകും. കഴിഞ്ഞ കനാലിന് മുകളിലൂടെ പുഴ ഒഴുകി വ്യാപക നഷ്ടം ഉണ്ടായി. 300 ഓളം സോളർ പാനലുകളും തകർന്നിരുന്നു. നേരത്തേ ചോർച്ച കണ്ടെത്തിയ മേഖലയിൽ ഐഐടി – റൂർക്കി സംഘം നൽകിയ ശുപാർശ പ്രകാരം കനാൽ സുരക്ഷിതമാക്കുന്നതിനായി 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനായി 25 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തികളും ഊർജിതമാണ്.
ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തി 1 മാസത്തിനകം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മഴക്കാലത്ത് മാത്രമാണ് ബാരാപ്പോളിൽ വൈദ്യുതി ഉൽപാദനം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസൺ അനുകൂലമായതിനാൽ 49.5 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായി. പദ്ധതിയുടെ പ്രതിവർഷ ഉൽപാദന ലക്ഷ്യം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കെഎസ്ഇബി സിവിൽ വിഭാഗം ചാവശ്ശേരി അസിസ്റ്റന്റ് എൻജിനീയർ വി.പി. മെഹ്‌റൂഫ്, ബാരാപോൾ അസിസ്റ്റന്റ് എൻജിനീയർ പ്രേംജിത്ത്, സബ് എൻജിനീയർ മാനസ് മാത്യു മുത്തുമല എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നുവരുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *