• Tue. Sep 24th, 2024
Top Tags

ഇരിട്ടി നഗരസഭാ ബജറ്റ്; ഇരിട്ടിയിൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി

Bydesk

Mar 22, 2022

ഇരിട്ടി: ഇരിട്ടിയിൽ മുനിസിപ്പൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി രൂപ വകയിരുത്തിയും നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ ഒരുലക്ഷം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ 36 കോടിയുടെ പദ്ധതി നിർദ്ദേശിച്ചുമുള്ള ഇരിട്ടി നഗരസഭാ ജൻഡർ ബജറ്റ്‌ വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ അവതരിപ്പിച്ചു. ചെയർമാൻ കെ. ശ്രീലത അധ്യക്ഷയായി. ടൗൺ സ്‌ക്വയർ രൂപകൽപ്പനക്ക്‌ കാൽകോടി വകയിരുത്തി. ഗതാഗതക്കുരുക്കും പാർക്കിങ് പ്രതിസന്ധിയും ഒഴിവാക്കാൻ സ്വകാര്യ പങ്കാളിത്തത്തിൽ മൾട്ടിലവൽ റൊട്ടേട്ടറി പാർക്കിങ് സംവിധാനമൊരുക്കാനും ബജറ്റ്‌ നിർദേശമുണ്ട്‌. പൊതുശ്‌മശാനം വാതക ശ്‌മശാനമാക്കി നവീകരിക്കൽ, സ്‌കൂൾ വികസന പദ്ധതികൾ എന്നിവക്ക്‌ കാൽകോടി രൂപ വീതമുണ്ട്‌. നഗരസഭയിൽ ഒരു മനി സ്‌റ്റേഡിയവും വാർഡുകൾ തോറും കളിസ്ഥലവും നിർമ്മിക്കാൻ ബഹുവർഷ പദ്ധതി നടപ്പാക്കും. തനത്‌ വർഷത്തിൽ പദ്ധതിക്ക്‌ 50 ലക്ഷം നീക്കിവെച്ചു. സ്ത്രീകൾക്കായി ജൻഡർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വനിതാ ഹോസ്റ്റൽ സമുച്ചയം എന്നിവ നിർമ്മിക്കാൻ 10 ലക്ഷം രൂപ വീതവും പെൺകുട്ടികൾക്കായി കരിയർ കൗൺസിലിംഗ്, ഇന്റർവ്യൂ, മത്സര പരീക്ഷാ പരിശീലനങ്ങൾക്കായി 5 ലക്ഷവും നീക്കിവച്ചു. വുമൺ ഫെസിലിറ്റേറ്റർ, സ്ത്രീകൾക്ക് പ്രത്യേക വിശ്രമകേന്ദ്രം, ഷീ ടോയ്‌ലറ്റ്‌, വനിതാ കഫേകൾ എന്നിവക്ക്‌ 25 ലക്ഷമുണ്ട്‌. തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിന്‌ 25 ലക്ഷം രൂപ വകയിരുത്തി. അനാഥർക്കായി അഭയകേന്ദ്രങ്ങൾ നിർമ്മിക്കാൻ ബജറ്റിൽ 25 ലക്ഷം രൂപ നീക്കിവച്ചു. യുവജനങ്ങൾക്ക്‌ നൈപുണ്യ വികസനം, ജോബ് ഫെയർ എന്നിവ നടപ്പാക്കും. പട്ടികജാതി, വർഗ വിഭാഗത്തിൽ യുവജന സംരംഭകത്വ ക്യാമ്പ് നടത്താൻ 5 ലക്ഷം രൂപയും വകയിരുത്തി. മൽസ്യ, മാംസ, പച്ചക്കറി മാർക്കറ്റുകൾ നിർമ്മിക്കാൻ 40 ലക്ഷവും കാർഷിക മൂല്യ വർധിത ഉൽപ്പന്ന സംരംഭകത്വ പദ്ധതിക്ക്‌ 20 ലക്ഷവും ഭക്ഷ്യ സ്വയം പര്യാപ്‌തത കൈവരിക്കാൻ പത്ത്‌ ലക്ഷവും ബജറ്റിൽ വകയിരുത്തി. 35,97,45,491 രൂപ വരവും 35,01,03,920 രൂപ ചെലവും 96,41,571 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റിൽ നഗരസഭാ സേവനങ്ങൾ ഐഎസ്‌ഒ നിലവാരത്തിലേക്കുയർത്തുമെന്ന പ്രഖ്യാപനവുമുണ്ട്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *