• Tue. Sep 24th, 2024
Top Tags

കാറ്റിലും വേനൽ മഴയിലും മേഖലയിൽ പരക്കെ നാശം

Bydesk

Mar 24, 2022

ഇരിട്ടി∙ വേനൽമഴയിലും കനത്ത കാറ്റിലും മേഖലയിൽ വ്യാപക നാശം. ഉളിക്കൽ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിൽ മരം പൊട്ടിവീണു. ഓട്ടോയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന മാട്ടറയിലെ സുബിനേഷ് (25) അത്ഭുതകരമായി രക്ഷപ്പെട്ടു. ആറളം പഞ്ചായത്തിൽ വൻ കൃഷി നാശം ഉണ്ടായി. വളയംകോടെ ടി.എ.ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്‌, കവുങ്ങ്‌, ജാതിക്ക മരങ്ങൾ എന്നിവ കാറ്റിൽ തകർന്നു. പാറയ്‌ക്കൽ തോമസ്‌, പൂവത്തിങ്കൽ സിസിലി എന്നിവരുടെ കൃഷികളും കാറ്റിൽ നശിച്ചു.

അമ്പലക്കാടിലെ ബാബു ഞാമത്തോലി, വെളിമാനത്തെ കുന്നത്തേട്ട്‌ അബ്രഹാം, വെട്ടിക്കാട്ടിൽ രാജപ്പൻ, തങ്കപ്പൻ, പൂഞ്ചാൽ ടൈറ്റസ്‌, ജോൺ തുടങ്ങിയ കർഷകരുടെ റബർ, കശുമാവ്‌, വാഴ കൃഷികൾ കാറ്റിൽ നിലം പൊത്തി. തൊഴുത്തും തകർന്നു. നാരംവേലിൽ ബിജുവിന്റെ 200 റബർ നശിച്ചു. തേമാനിൽ തോമസിന്റെ കശുവാവ് മരങ്ങളും തെങ്ങുകളും വീണു.

ജെയിസൺ കണ്ണംങ്കുഴയുടെ വീടിന്റെ ഷീറ്റുകളും തകർന്നു. ഉളിക്കൽ ബസ് സ്റ്റാൻഡിനു സമീപമാണു ഉളിക്കൽ ഐഡിയൽ ഇന്റീരിയർ സ്ഥാപനത്തിന്റെ ഓട്ടോറിക്ഷ നിർത്തിയിട്ടത്. സ്ഥാപന ജീവനക്കാരൻ കൂടിയായ സുബിനേഷ് കൂടെയുള്ള മറ്റു ജോലിക്കാർ വരാനാണു ഓട്ടോറിക്ഷയിൽ കാത്തിരുന്നത്. കടപുഴകിയ മരത്തിന്റെ ശിഖരങ്ങൾ ടാറിങ്ങിൽ കുത്തി നിന്നതിനാൽ ഓട്ടോറിക്ഷ അമർന്നു പോകാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *