• Tue. Sep 24th, 2024
Top Tags

കർഷകരുടെ ദേശീയ പ്രക്ഷോഭം തുടരും: അശോക് ധവലെ

Bydesk

Apr 1, 2022

ഇരിട്ടി∙ കർഷകർക്ക് ഉൽപാദന ചെലവിന് ആനുപാതികമായി വില ഉറപ്പാക്കുന്ന എംഎസ്പി പദ്ധതി പൂർണ അർഥത്തിൽ നടപ്പാക്കണമെന്നും കാർഷിക മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതു വരെ ഇപ്പോൾ നടക്കുന്ന കർഷകരുടെ ദേശീയ പ്രക്ഷോഭം തുടരുമെന്നും കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധവലെ  പറഞ്ഞു. സിപിഎം 23–ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷക ദ്രോഹ നിയമങ്ങൾക്കു എതിരെ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയം രാജ്യത്താകെ അലയടിക്കുകയാണ്. കർഷകരുടെ സംഘടിത ശക്തിക്കു മുന്നിൽ കേന്ദ്ര സർക്കാർ അടിയറവ് പറഞ്ഞെങ്കിലും ചില ചങ്ങാത്ത മുതലാളികൾക്കു വേണ്ടിയാണു ഇപ്പോഴും സർക്കാർ നയം രൂപീകരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനു എതിരെയും ആദിവാസികളെ സംരക്ഷിക്കുന്ന വനാവകാശ നിയമങ്ങൾ ഇല്ലാതാക്കാനുള്ള നടപടിക്കു എതിരെയും വരും ദിനങ്ങളിൽ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരും.

സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം. വിള ഇൻഷുറൻസിന്റെ ആനുകൂല്യം ചെറുകിട – ഇടത്തരം കർഷകർക്ക് തന്നെ ലഭിക്കാനുള്ള നടപടികൾ ഉണ്ടാവണം. ഇപ്പോൾ കുത്തകകൾക്ക് വേണ്ടിയാണ് ഇത്തരം നിയമങ്ങൾ എല്ലാ നില നിൽക്കുന്നത്. ഭൂപരിഷ്കരണ നിയമം എല്ലാ സംസ്ഥാനത്തും നടപ്പിലാക്കണം. 1990 കളിൽ കോൺഗ്രസ് നടപ്പിലാക്കിയ ഉദാരവൽക്കരണ, ആഗോളവൽക്കരണ നയങ്ങൾ കൂടുതൽ ശക്തിയോടെ നടപ്പിലാക്കുകയാണു കഴിഞ്ഞ എട്ടു വർഷമായി മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എംപി, അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ, കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റ് എസ്.കെ.പ്രീജ, സിപിഎം ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ശ്രീധരൻ, കെ.മോഹനൻ, ഇരിട്ടി ഏരിയ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, വി.ജി.പത്മനാഭൻ, വൈ.വൈ.മത്തായി, പി.പി.അശോകൻ, കെ.ജി.ദിലീപ്, പി.പി.ഉസ്മാൻ, ഇ.എസ്.സത്യൻ പി.റോസ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *