• Sat. Sep 21st, 2024
Top Tags

കാട്ടാനശല്യത്തിൽ പൊറുതിമുട്ടി വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ചു മടക്കം

Bydesk

Sep 21, 2022

ചെറുപുഴ∙ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നു വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം മലയോരത്ത് വർധിച്ചുവരുന്നു. ചെറുപുഴ പഞ്ചായത്തിലെ മലയോര മേഖലയിൽ നിന്നുള്ള കർഷകരാണു കാട്ടാന ശല്യം മൂലം വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ചു പോകുന്നത്. കർണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ആറാട്ടുകടവ്, മീന്തുള്ളി റവന്യൂ, കോഴിച്ചാൽ റവന്യൂ, രാജഗിരി ഇടക്കോളനി, ചേനാട്ടുക്കൊല്ലി ഭാഗങ്ങളിൽ നിന്നുള്ളവരാണു  വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ചു സുരക്ഷിത താവളം തേടി പോകുന്നത്.

ഇതിൽ ആറാട്ടുകടവ് കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ പെരിങ്ങോം പഞ്ചായത്തിൽ 10 സെന്റ് സ്ഥലം വീതം സംസ്ഥാന സർക്കാർ പതിച്ചുനൽകിയിട്ടുണ്ട്. എന്നാൽ പതിച്ചു കിട്ടിയ സ്ഥലത്ത് വീടില്ലാത്തതിനാൽ ആറാട്ടുകടവ് കോളനിയിലെ നിലം പൊത്താറായ കുടിലിൽ തന്നെയാണു ഇവർ ഇപ്പോഴും താമസിക്കുന്നത്. എന്നാൽ ചില കുടുംബങ്ങൾ കാട്ടാനയെ ഭയന്നു വാടക വീടുകളിലാണു താമസം. രാത്രിയായാൽ കാട്ടാനക്കൂട്ടം കോളനിയിലെത്തും.

പിന്നെ പാട്ട കൊട്ടിയാണു ആനകളെ തുരത്തിയോടിക്കുന്നത്. രാജഗിരി ഇടക്കോളനിയിലും സ്ഥിതി ഇതുതന്നെ. മീന്തുള്ളി റവന്യൂവിൽ നിന്നുമാണു കാട്ടാന ഭീതിയെ തുടർന്നു ഏറ്റവുമധികം കുടുംബങ്ങൾ കുടിയൊഴിയുന്നത്. ഇതോടെ ഇവിടെ കാട്ടാനകൾ താണ്ഡവമാടാൻ തുടങ്ങിയിരിക്കുകയാണ്. ഇതോടെ ആൾതാമസമില്ലാത്ത പല വീടുകളും തകർന്നു വീഴാൻ തുടങ്ങി. ഇവിടെ ഉണ്ടായിരുന്ന തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ കാട്ടാനകൾ പൂർണമായും നശിപ്പിക്കുകയും ചെയ്തു.

കൃഷികൾ നശിച്ചതോടെ ഭക്ഷണം തേടി കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിൽ എത്താൻ തുടങ്ങി. കർണാടക വനത്തിൽ നിന്നു കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇവിടെ ഉണ്ടായിരുന്ന വൈദ്യുത വേലി തകർന്നതോടെയാണു കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്താൻ തുടങ്ങിയത്. വൈദ്യുത വേലി പുനർനിർമിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ കാട്ടാനക്കൂട്ടം മലയോര ടൗണുകളിൽ എത്തുന്ന കാലം അതിവിദൂരമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *