ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി ലഭിച്ചു. ഇതിനായി ടി ആർ ഡി എമ്മിന് അനുവദിച്ച 22 കോടി രൂപയുടെ 50 ശതമാനം തുകയായ 11 കോടി പൊതുമരാമത്തു വകുപ്പിന് നൽകാൻ ഉത്തരവായി.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും എത്തുന്ന കാട്ടാനക്കൂട്ടങ്ങളാണ് ആറളം പുനരധിവാസ മേഖലയിലും ആറളം കാർഷിക ഫാമിലും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്നുണ്ടായ മുറവിളികൾക്കൊടുവിലാണ് വന്യജീവി സങ്കേതം അതിരിടുന്ന മേഖലയിലെ 16 കിലോമീറ്റർ നീളത്തിൽ ആനമതിലും , റെയിൽ ഫെൻസിംഗും നിർമ്മിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. ഇതിനായി ഊരാളുങ്കൽ സൊസൈറ്റിയെ നിർമ്മാണം ഏൽപ്പിക്കുകയും 22 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ചിലസാങ്കേതികകാരണങ്ങളാൽ ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണ കരാറിൽ നിന്നും പിന്മാറിയതാണ് നിർമ്മാണം നീണ്ടുപോകാനും പ്രശ്നങ്ങൾക്കും ഇടയാക്കിയത്. ഇതിനിടയിൽ ഹൈക്കോടതിയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു . പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ആറളം ഫാമിലെ 4 താമസക്കാരും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധനും മുകൈ എടുത്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
നിർമ്മാണത്തിനായി ആദ്യഗഡു 11 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പിന്റെ അകൗണ്ടിൽ നിക്ഷേപിക്കും. ബാക്കിതുക നിർമ്മാണ പുരോഗതിക്കനുസരിച്ച് ആവശ്യപ്പെടുന്ന ഘട്ടത്തിൽ കൈമാറും. നിർമ്മാണ പുരോഗതി മാസത്തിലൊരിക്കൽ ജില്ലാ പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തണമെന്നും ഉത്തരവിൽ പറയുന്നു.