ഇരിട്ടി: സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള ജില്ലാ തല അവാർഡ് ഇക്കുറി ആറളം ഫാമിലെ കാളികയം അങ്കണവാടി വർക്കർ സി കെ നിഷക്ക്. ഇരിട്ടി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ ആറളം പഞ്ചായത്തിൽ ഉൾപ്പെട്ട ആറളം ഫാമിലെ 54–-ാം നമ്പർ അങ്കണവാടിയാണ് കാളികയത്ത് പ്രവർത്തിക്കുന്നത്. 2019–- 20 വർഷത്തെ പ്രവർത്തന മികവിനാണ് നിഷക്ക് പുരസ്‌കാരം. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ഒമ്പത് അങ്കണവാടികളിലൊന്നാണിത്. കഴിഞ്ഞ പതിനൊന്ന് വർഷമായി നിഷ അങ്കണവാടി വർക്കറായി ജോലി ചെയ്യുന്നു. രണ്ട് മക്കളുണ്ട്. ആറളം കീച്ചേരി സ്വദേശിനിയാണ്. സംസ്ഥാനതലത്തിൽ നടത്തുന്ന അവാർഡ് വിതരണ ചടങ്ങിൽ നിഷ പുരസ്‌കാരം ഏറ്റുവാങ്ങും.