കണ്ണൂര്‍: മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കീടനാശിനി, വളം വിപണനം നടത്തുന്നവർക്കുള്ള ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കർഷകരുടെ വരുമാനത്തിൽ ഒമ്പത് ശതമാനം വർദ്ധനവ് വരുത്തണമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കർഷകരോടുള്ള കരുതലാണ് വ്യക്തമാക്കുന്നത്. കാർഷികോത്പന്നങ്ങൾ മാർക്കറ്റിൽ അടിഞ്ഞുകൂടി ഡിമാൻഡ് കുറയുന്ന സന്ദർഭത്തിൽ അവ നശിച്ചു പോകാതെ സംഭരിക്കാൻ സർക്കാർ തന്നെ സംവിധാനമൊരുക്കും. ഇതിനായി പദ്ധതികൾ ആവിഷ്കരിക്കും. നടീൽ വസ്തുക്കളുടെയും കാർഷിക വിളകളുടെയും ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വളം, സസ്യ സംരക്ഷണ വസ്തുക്കൾ തുടങ്ങിയ ഉല്പാദനോപാധികൾ വിപണനം ചെയ്യുന്നവർക്ക് പ്രകൃതി സൗഹൃദ കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുന്നതിനായാണ് കോഴ്‌സ് നടത്തുന്നത്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആത്മ കണ്ണൂർ തളിപ്പറമ്പ് പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. 39 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. കരിമ്പം ജൈവ വൈവിധ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ മൊമെൻ്റോ വിതരണം ചെയ്തു. പ്രോഗ്രാം ഫെസിലിറ്റേറ്റർ ഡോ. കെ.പി.മമ്മൂട്ടി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഷനോജ് മാസ്റ്റർ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. സീന, ആത്മ കണ്ണൂർ പ്രൊജക്ട് ഡയറക്ടർ പി.വി.ശൈലജ തുടങ്ങിയവർ സംസാരിച്ചു.