• Sat. Jul 27th, 2024
Top Tags

സര്‍ക്കാര്‍ കനിഞ്ഞു ജോസഫിന്റെ കാത്തിരിപ്പിന് വിരാമം .

Bydesk

Sep 14, 2021

ഉളിക്കല്‍ : മലയോരമേഖലയിലെ കുടിയേറ്റ കര്‍ഷകനായ ജോസഫിന് അന്തിയുറങ്ങാന്‍ ഒരുതുണ്ട് ഭൂമി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയിൽ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച ഇരിട്ടി താലൂക്ക് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മട്ടന്നൂര്‍ എംഎല്‍എ ശ്രീമതി കെ.കെ ഷൈലജ ടീച്ചറാണ് ജോസഫിന് പട്ടയം നല്‍കിയത്. കഴിഞ്ഞ 24 വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നടത്തിയ പോരാട്ടത്തിനാണ് അവസാനം കണ്ടത്. ജോസഫിന്റെ മകന്‍ റോയി എന്നയാള്‍ക്ക് 1994 കേരള സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചു നല്‍കിയിരുന്നു.ഇയാള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമിയുടെ വില ഒടുക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് വാഹനപകടത്തില്‍ മരണപ്പെടുകയുണ്ടായി. അവിവാഹിതനായ ഇയാളുടെ അവകാശി എന്ന നിലയില്‍ പ്രസ്തുത ഭൂമി തനിക്കു ലഭിക്കുന്നതിനായി ജോസഫ് അന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി ശ്രമം നടത്തി എങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഉളിക്കല്‍ സി പി ഐ പ്രാദേശികനേതൃത്വത്തിന്റെ സഹായത്തോടെ മുന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചതോടെയാണ് ചുവപ്പ് നാടയുടെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങിയത്. 2020 മാര്‍ച്ച് മാസത്തില്‍ ജോസഫിന് പടിയൂര്‍ വില്ലേജില്‍ മിച്ചഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമായെങ്കിലും കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതിനാല്‍ നിശ്ചിത സമയ പരിധിക്കകം ഭൂമിയുടെ നിശ്ചിതവില അടക്കാന്‍ കഴിയാതെ വന്നു. പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഗവണ്‍മെന്റ് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ജോസഫിന്റെ സ്വപ്നം യാഥാര്‍ത്യമായത്. പട്ടയം ലഭിച്ച ജോസഫ് സര്‍ക്കാരിനോടും റവന്യൂ വകുപ്പിനോടും നന്ദി യാതൊരു വൈമുഖ്യവുമില്ലാതെ പ്രകടിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *