ചെറുപുഴ : രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തേജസ്വിനിപ്പുഴയിൽ വൈറ്റ് വാട്ടർ റിവർ റാഫ്റ്റിങ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് റാഫ്റ്റിംഗ് നിർത്തി വച്ചത്. കോവിഡ് കാലത്തെ വിരസത മാറ്റാൻ തേജസ്വിനിപ്പുഴയിലൂടെ സാഹസികയാത്ര ചെയ്യാൻ ഒട്ടേറെ ആളുകൾ ആണ് ഇപ്പോൾ മലയോരത്ത് ഏത്തുന്നത്.
പുഴയിലെ ഓളങ്ങളിൽ മുങ്ങിയും പൊങ്ങിയും നടത്തുന്ന റാഫ്റ്റിംഗ് സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ജൂൺ മുതൽ ഒക്ടോബർ പകുതി വരെയാണ് ജല വിനോദയാത്ര നടക്കുന്നത്. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മുതൽ വയലായി വരെയുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ ജലയാത്ര നടത്തുന്നത്. വാഹനങ്ങളുമായി വരുന്നവർക്ക് ഇടവരമ്പിൽ പാർക്ക് ചെയ്തശേഷം വസ്ത്രങ്ങൾ മാറ്റാനും മറ്റുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ജീപ്പിൽ കോഴിച്ചാൽ എത്തിയതിനുശേഷമാണ് റാഫ്‌റ്റിങ്ങിന് തുടക്കം
ഒരു റാഫ്‌റ്റിൽ ഒരേസമയം എട്ടു പേർക്ക് യാത്ര ചെയ്യാനാകും.10 കിലോമീറ്റർ ജല യാത്രയ്ക്ക് ഒന്നര മണിക്കൂർ സമയമെടുക്കും.പുഴയിൽ ഒഴുക്ക് കുറവാണെങ്കിൽ കൂടുതൽ സമയമെടുക്കും. ആറ്റിലേക്ക് കയറുന്നതിനു മുൻപ് ലൈഫ് ജാക്കറ്റ് ഹെൽമെറ്റ് എന്നിവ ധരിക്കണം. ചെറുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്ട്രീം റാഫ്റ്റിങ്ങാണ് സാഹസിക ജലയാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവെച്ച വാട്ടർ റാഫ്റ്റിങ് പുനരാരംഭിച്ചതോടെ മലയോര മേഖലയിലെ ടൂറിസം പദ്ധതികൾക്ക് പുത്തൻ ഉണർവേകുമെന്നാണു പ്രതീക്ഷ.