ന്യൂ ഡൽഹി : പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൌൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പൻചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്. ( states oppose petrol products GST )
മാധ്യമങ്ങൾ വഴി വാർത്തകൾ പുറത്ത് വിട്ടത് കേന്ദ്രത്തിന്റെ തന്ത്രമാണെന്ന് സംസ്ഥാനങ്ങൾ ആരോപിക്കുന്നു. സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്ന ബാധ്യത എറ്റെടുക്കാതെ ഏകപക്ഷിയമായ തീരുമാനം അടിച്ചേൽപിക്കാൻ ശ്രമമുണ്ടെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു. ലഖ്നൗവിൽ തന്നെ ജിഎസ്ടി കൗൺസിൽ വച്ചതിന് പിന്നില് രാഷ്ട്രീയമുണ്ടെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു.
നാളത്തെ ജിഎസ്ടി കൗൺസിലിൽ കേരളവും എതിർപ്പ് പ്രകടിപ്പിക്കും. തമിഴ്നാട്, ബംഗാൾ, രാജസ്ഥാൻ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഒപ്പം നിർത്താനും കേരളം ശ്രമിക്കും. കേന്ദ്രം ഏർപ്പെടുത്തിയ ചില സെസുകൾ എടുത്ത് മാറ്റിയാൽ തന്നെ ഇന്ധനവില കുറയ്ക്കാൻ സാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വാദം.
വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടർച്ചയായ് നിർദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിർദേശിക്കും പോലെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിട്ടില്ല. ഏവിയേഷൻ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാർശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്. ഏവിയേഷൻ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇത് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാൻ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നത്.