• Sat. Jul 27th, 2024
Top Tags

മാക്കൂട്ടത്ത് സ്ഥിരം കൊവിഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു

Bydesk

Sep 17, 2021

ഇരിട്ടി : ഇരിട്ടി – കുടക് അന്തർദേശീയ പാതയിലെ കേരളാ കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തി. മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം കണ്ടെയ്‌നർ സംവിധാനത്തിലുള്ള ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ സജ്ജീകരിക്കുകയും ഇതുവരെ ചെക്ക് പോസ്റ്റിൽ പ്രവർത്തിച്ചു വന്നിരുന്ന സർട്ടിഫിക്കറ്റ് പരിശോധനാ കേന്ദ്രം ഇവിടേയ്ക്ക് മാറ്റുകയും ചെയ്തു. കൊവിഡിന്റെ പ്രാധാന്യം കുറയുന്നതോടെ വാഹന പരിശോധനയ്ക്കുള്ള സ്ഥിരം സംവിധാനം ഇവിടേയ്ക്ക് മാറ്റുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്നാണ് കരുതുന്നത്. ഇവിടുത്തെ നിരീക്ഷണ ക്യാമറകൾ മടിക്കേരി അസി. കമ്മീഷണർ ഓഫീസുമായി ബന്ധപ്പെടുത്തിയിരിക്കുന്നതും ഇത് ലക്‌ഷ്യം വെച്ചാണോ എന്നും സംശയിക്കുന്നു.
കോവിഡ് പരിശോധനയുടെ പേരിൽ പൂർണ്ണമായും വാഹന നിരോധനം ഏർപ്പെടുത്തിയപ്പോൾ ചെക്ക് പോസ്റ്റ് വഴി വരുന്ന യാത്രികരിൽ നിന്നും പണം വാങ്ങി വാഹങ്ങൾ കടത്തി വിടുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. രണ്ട് ജീവനക്കാരെ ഇതിന്റെ പേരിൽ കളക്ടർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതും നിരീക്ഷണ ക്യാമറകൾ മടിക്കേരി അസി. കമ്മീഷണർ ഓഫീസുമായി ബന്ധിപ്പിക്കാൻ ഇടയാക്കിയതിന് കാരണമായി പറയുന്നു.
ഇവിടെ വാഹന പരിശോധനക്ക് കർണ്ണാടകാ മോട്ടോർ വാഹന വകുപ്പിന്റെ സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യം മുന്നേ ഉയർന്നിരുന്നു. ഇപ്പോൾ മാക്കൂട്ടത്തും പെരുമ്പാടിയിലും വനം വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോവിഡ് പരിശോധനയുടെ പേരിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഓഫീസ് ക്രമേണ മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റാക്കി മാറ്റും എന്ന് തന്നെയാണ് കരുതുന്നത്. അതേസമയം സെപ്തംബർ 21 വരെ  ബസുകൾക്കും മറ്റും ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധനം ഒക്ടോബർ 30 വരെ നീട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *