കേളകം : മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകണമെന്ന് സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്.) പഠനം. ചരിത്രകാരിയും സി.ഡി.എസ്. പ്രൊഫസറുമായ ഡോ. ജെ.ദേവികയുടെ നേതൃത്വത്തിൽ നടത്തുന്ന പഠനങ്ങളിലാണ് മനുഷ്യ വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താൻ നിർദേശമുള്ളത്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ കാടരിക് പഞ്ചായത്തുകളിൽ നടത്തിയ ചർച്ചകളുടെയും സംവാദങ്ങളുടെയും വിവരശേഖരണങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ നിർദേശങ്ങളിലാണ് വനംവകുപ്പിന് തുല്യമായ അവകാശങ്ങൾ പഞ്ചായത്തുകൾക്കും നൽകണമെന്ന് ആവശ്യപ്പെടുന്നത്. പഠനത്തിന്റെ ഭാഗമായി ജെ.ദേവിക കേളകം, കൊട്ടിയൂർ, കണിച്ചാർ തുടങ്ങി വനാതിർത്തി പഞ്ചായത്ത് പ്രതിനിധികളിൽനിന്ന് വിവരശേഖരണങ്ങൾ നടത്തി. കാർഷികവിളകൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം തുച്ഛമാണ്. മതിയായ നഷ്ടപരിഹാരവും കാല താമസമില്ലാതെ ഇൻഷുറൻസും നൽകണം. സോളാർ വേലികളുടെ നാട്ടലും പരിപാലനവും, നഷ്ടപരിഹാര-ഇൻഷുറൻസ് തുക വിതരണം ഇവ പഞ്ചായത്തുകളെ ഏൽപ്പിക്കണം. കാടരിക് പഞ്ചായത്തുകൾക്ക് സവിശേഷ സഹായധനം നൽകണം. കാട്ടുപന്നിയെ ഷെഡ്യൂൾ മൂന്നിൽനിന്ന് ഷെഡ്യൂൾ അഞ്ചിലേക്ക് മാറ്റി കാടരിക് വാസികളായ ആദിവാസികളുടെ വേട്ടയവകാശങ്ങളെ പുനഃസ്ഥാപിക്കണം. കേരളത്തിൽ വനാവകാശനിയമം അടിയന്തരമായി നടപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സി.ഡി.എസ്. പഠനത്തിലുള്ളത്.
എല്ലാ ജില്ലകളിലും പഠനം പൂർത്തിയാക്കി സർക്കാരിലേക്ക് നിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും ജനജാഗ്രതാ സമിതികൾ ഉണ്ടെങ്കിലും നിലവിൽ അതിൽ കർഷക പ്രതിനിധികളുടെ എണ്ണം രണ്ടുമാത്രമാണെന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു. ഫെയർ ട്രേഡ് അലയൻസ് കേരളയുടെയും കേളകത്തെ പത്രപ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, കേളകം പഞ്ചായത്ത് സ്ഥിരം ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, ഫെയർ ട്രേഡ് അലയൻസ് കേരള ചെയർമാൻ തോമസ് കളപ്പുര, ചീഫ് പ്രമോട്ടർ ടോമി മാത്യു നടവയൽ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്‌ഷൻ ഫോറസ്റ്റർ മഹേഷ്, കെ.എം.അബ്ദുൽ അസീസ്, ജോയി ജോസഫ്, എം.ജെ.റോബിൻ, സജീവ് നായർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.