• Sat. Jul 27th, 2024
Top Tags

കല്ല്യാട് വില്ലേജിലെ ചെങ്കൽഖനനം നിർത്തിവെക്കാൻ ഉത്തരവുമായി ജില്ലാ കളക്ടർ – ഖനനം പരിശോധിക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡ്.

Bydesk

Sep 22, 2021

ഇരിട്ടി : പടിയൂർ പഞ്ചായത്തിലെ കല്ല്യാട് വില്ലേജിൽ നടക്കുന്ന മുഴുവൻ ചെങ്കൽ ഖനനവും നിർത്തിവെക്കണമെന്ന ഉത്തരവിട്ട് ജില്ലാ കലക്ടർ . ഇതോടെ മേഖലയിലെ 2000 ഏക്കറോളം പ്രദേശത്ത് അനധികൃതമായി നടത്തിവന്നിരുന്ന ചെങ്കൽ ഖനനം നിർത്തിവെച്ചു. ഊരത്തൂർ, കല്ല്യാട് മേഖലയിലായാണ് നിരവധി ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്. നാമമാത്രമായി ചിലക്വാറികൾക്കു മാത്രമാണ് ഇവിടെ ജിയോളജി വകുപ്പ് ഖനനത്തിനായി അനുമതി നൽകിയിട്ടുള്ളത്. ഈ അനുമതിയുടെ മറവിൽ ആണ് പ്രദേശത്ത് നൂറിലേറെ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത് .

നേരത്തേ ഇവിടുത്തെ മുഴുവൻ ഖനനവും നിർത്തിവെച്ചിരുന്നു. ചെങ്കല്ലിനുണ്ടായ കടുത്ത ക്ഷാമവും തൊഴിലാളി യൂണിയനുകളുടെ ശക്തമായ സമ്മർദ്ദങ്ങളും പരിഗണിച്ച് ഏതാനും ക്വാറികൾക്ക് അധികൃതർ അനുവാദം നൽകുകയായിരുന്നു . ഇതിന്റെ മറവിലാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി വ്യാപകമായി ഖനനം നടന്നുവരുന്നത്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുക്കാനിരിക്കുന്ന സ്ഥലങ്ങളിലും ചെങ്കൽ ലോബികൾ കയ്യേറി ഖനനം നടത്തി. ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം റീ സർവേ ചെയ്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയപ്പോഴാണ് റവന്യു ഭൂമിയും ഏക്കറുകളോളം കൈയേറി ഖനനം നടത്തിയതായി കണ്ടെത്താനായത്. ഇതിനെ തുടർന്നാണ് ജില്ലാ കലക്ടർ പ്രദേശത്തെ ഖനനം മുഴുവൻ നിർത്തിവെക്കാൻ ഉത്തരവിട്ടത്. നിരോധനം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട് .

ഇരിട്ടി ഡപ്യൂട്ടി തഹസിൽദാർമാരായ എ.വി. പത്മാവതി, എം. ലക്ഷ്മണൻ, സീനിയർ സൂപ്രണ്ട് ഷീന, കല്ല്യാട് വില്ലേജ് ഓഫീസർ സിബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ റവന്യു സംഘം ചൊവ്വാഴ്ച്ച മേഖലയിൽ പരിശോധന നടത്തി. മുഴുവൻ വാഹനങ്ങളും ഉപകരണങ്ങളും ക്വാറികളിൽ നിന്നും മാറ്റാൻ നിർദ്ദേശം നൽകി. ബുധനാഴ്ച്ച മുതൽ ഇവ ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറയിപ്പും നല്കിയിട്ടുണ്ട് .

പടിയൂർ പഞ്ചായത്തിലെ ഊരത്തൂർ, കല്ല്യാട്, നീലികുളം ഭാഗങ്ങളിൽ നിന്നും ദിനം പ്രതി നൂറുകണക്കിന് ലോഡ് ചെങ്കലുകളാണ് നിത്യവും കടത്തിപോകുന്നത്. ഇവിടെ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് മാത്രമാണ് ഖനനത്തിനായി ജിയോളജി വകുപ്പിൽ നിന്നും അനുമതി വാങ്ങിയിട്ടുള്ളത്. ഈ അനുമതി ഉപയോഗിച്ചാണ് ഏക്കറുകളോളം സ്ഥലത്ത് ഖനനം ചെയ്യുന്നത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം മൂലം റവന്യു വിഭാഗമോ ജിയോളജി വകുപ്പോ പ്രദേശത്ത് പരിശോധനയ്ക്ക് പോലും എത്താറില്ല എന്നതാണ് വസ്തുത. ഇപ്പോൾ ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം റിസർവ്വെ ചെയ്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയപ്പോഴാണ് റവന്യു ഭൂമിയും ഏക്കറുകളോളം കൈയേറി ഖനനം നടത്തിയതായി കണ്ടെത്തിയതും പ്രേദേശത്തെ മുഴുവൻ ചെങ്കൽ ഖനനവും നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടതും .

Spread the love

Leave a Reply

Your email address will not be published. Required fields are marked *