കേളകം: ചീങ്കണ്ണിപ്പുഴയിൽ കാട്ടാന ചരിഞ്ഞതിന് കാരണം ശ്വാസനാളത്തിൽ കൊമ്പ് തുളച്ചുകയറിയതിനാലാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ശ്വാസനാളത്തിൽ കൊമ്പ് തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റിരുന്നു. കരളിലും കൊമ്പ് തുളച്ചുകയറിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയ്ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് മുറിവുകളേറ്റിരിക്കുന്നത്.
വളയഞ്ചാൽ വന്യജീവി സങ്കേതം ഓഫീസ് പരിസരത്ത് അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് മൃതദേഹ പരിശോധന നടത്തിയത്. ജഡം വന്യജീവി സങ്കേതത്തിനുള്ളിൽ മറവുചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ടോടെ ചീങ്കണ്ണിപ്പുഴയിൽ ചരിഞ്ഞ കൊമ്പന്റെ ജഡം കരക്കെത്തിക്കാൻ രാത്രി 11 ഓടെ ക്രെയിൻ ഉപയോഗിച്ച് ശ്രമമാരംഭിച്ചു. നാട്ടുകാരും വനപാലകരും പോലീസും അഗ്നിരക്ഷാസേന യും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പുലർച്ചെ രണ്ടോടെയാണ് ആനപ്രതിരോധ മതിൽ കടത്തി ജഡം കരയ്ക്കെത്തിച്ച് വന്യജീവി സങ്കേതം പരിസരത്തേക്ക് കൊണ്ടുപോയത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാർ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ.അനിൽകുമാർ, കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ് എന്നിവർ നേതൃത്വം നൽകി.