ഇരിട്ടി : വീടിനെ സ്കൂട്ടറിനു പിന്നിൽ സ്ഥാപിച്ച ഐസ് ബോക്സിൽ ഒതുക്കി മുഹമ്മദ് അഫ്സലും ബിലാലും ദുബായിക്ക്. കാസർഗോഡ് നായന്മാർമുല സ്വദേശികളായ മുഹമ്മദ് അഫ്സലും സുഹൃത്ത് കെ.എ.ബിലാലുമാണു പഴയ 2000 മോഡൽ ചേതക് സ്കൂട്ടറിൽ ഐസ് ബോക്സിൽ ഒതുക്കിയ വീടുമായി യാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം ഇവർ ഇരിട്ടിയിൽ എത്തി.
കേരളം ചുറ്റി മുംബൈ വഴി ദുബായ് എത്തുകയാണു ലക്ഷ്യം. ഒരു വീടിന്റെ മുഴുവൻ സൗകര്യങ്ങളും സ്കൂട്ടറിനു പിന്നിലെ ഐസ് ബോക്സിലുണ്ട്. ടിവി, ഫ്രിജ്, കൂടാരം, അടുപ്പ്, മൊബൈൽ ചാർജർ, വാട്ടർ ഹീറ്റർ, നല്ലൊരു ടോയ്‌ലറ്റ്, സോളാർ ലൈറ്റ്, കള്ളന്മാർ വന്നു സ്കൂട്ടറിൽ തൊട്ടാൽ വിളിച്ചുണർത്താൻ അലാം, കട്ടിലും കിടക്കയും പുതപ്പും അങ്ങനെ… ഐസ് ബോക്സിനു പുറത്ത് ഫിറ്റ് ചെയ്തിരിക്കുന്ന സോളർ പാനൽ കൊണ്ടു വൈദ്യുതി ശേഖരിക്കുകയാണ്.
ദുബായിൽ ജോലി ഉണ്ടായിരുന്ന അഫ്സലും സുഹൃത്തും നാട്ടിൽ എത്തി മൊബൈൽ കട നടത്തുമ്പോഴാണ് തങ്ങളുടെ സ്കൂട്ടറിനെ ദുബായ് കാണിക്കണം എന്ന മോഹം ഉദിച്ചത്. 15000 രൂപയ്ക്കു വാങ്ങിയ പഴയ സ്കൂട്ടറിൽ വീട് ഫിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ 50000 രൂപ ചെലവായി. നേരത്തെ ഉണ്ടായിരുന്ന പഴയൊരു ബൈക്കും ഐ ഫോണും വിറ്റ കാശുകൊണ്ടാണു സഞ്ചരിക്കുന്ന വീടുമായി സ്കൂട്ടർ യാത്ര തുടങ്ങിയത്.