ഇരിട്ടി : വീടിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ വിമുക്തഭടന് ക്രൂര മർദ്ദനം. തില്ലങ്കേരി പള്ള്യത്തെ ശ്രീ പ്രസാദിൽ എ. പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്. കൂട്ടം ചേർന്നുള്ള മർദ്ദനത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ പ്രശാന്ത്‌കുമാർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
കഴിഞ്ഞ 19 ന് രാത്രി 9 മണിയോടെ ആയിരുന്നു അക്രമം. വീടിന് സമീപത്തെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ക്ഷണിച്ചത് പ്രകാരം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു വിമുക്തഭടൻ കൂടിയായ പ്രശാന്ത് കുമാർ. ഇതിനിടെയാണ് സമീപത്തെ വീട്ടിൽ നിന്നും ബഹളവും കരച്ചിലും കേൾക്കുന്നത്. പുറത്തിറങ്ങി നോക്കിയപ്പോൾ നിരവധി ബൈക്കുകളിലും ഓട്ടോറിക്ഷയിലും , കാറിലുമായെത്തിയ സംഘം ആക്രോശിച്ചു കൊണ്ട് ഒരു അന്യ സംസ്ഥാന തൊഴിലാളിയെ നിലത്തിട്ട് ചവിട്ടുന്നതാണ് കണ്ടത്. എന്തിനാണ് നിങ്ങൾ ഇയാളെ അടിക്കുന്നത് എന്ന ചോദ്യം ചോദിച്ച ഉടനെ സംഘത്തിൽ നിന്നും എട്ടോളം പേർ നീയാരാണ് ചോദിക്കാൻ എന്ന് ആക്രോശിച്ചുകൊണ്ട് പ്രശാന്ത് കുമാറിനെ വളയുകയും കയ്യിലും കഴുത്തിലും പിടിച്ച് ചുവരിനോട് ചേർത്തു നിർത്തി മുഖത്ത് ഇടിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നെന്ന് പ്രശാന്ത് കുമാർ പറഞ്ഞു. ഇവരുടെ കൈവിരലുകളിൽ കട്ടിയുള്ള മോതിരം പോലുള്ള സാധനം ധരിച്ചതായും ഇതുകൊണ്ടാണ് മുഖത്തിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴുത്തിൽ അമർത്തി പിടിച്ചതുമൂലം ശ്വാസം കിട്ടാതാവുകയും കൈകാൽ തളരുകയും അവശനാവുകയും ചെയ്തതോടെ ഇവർ പ്രശാന്ത് കുമാറിനെ ഒഴിവാക്കി. ഇവരുടെ ഇടയിൽ നിന്നും പുറത്തു കടക്കുകയും ഉടനെ ഇരിട്ടി സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ സ്ഥലം മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലായതിനാൽ സ്റ്റേഷനിൽ വിളിക്കാനുള്ള നമ്പറും നൽകി. മുഴക്കുന്ന് പോലീസ് ഉടനെ ആശുപത്രിയിൽ എത്തി ചികിത്സനേടാനാണ് ആവശ്യപ്പെട്ടത് . തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും കണ്ണിന് സാരമായി പരിക്കേറ്റതിനാൽ ഐ സ്പെഷലിസ്റ്റിനെ കാണിക്കണമെന്നും പറഞ്ഞു. കണ്ണൂരിലെ വിവിധ ആശുപത്രികളിൽ എത്തിയെങ്കിലും ഒടുവിൽ കണ്ണൂർ ഗവ ആശുപത്രയിൽ അഡ്മിറ്റാവുകയായിരുന്നു.
ഇത്രമാത്രം അക്രമം ഉണ്ടായിട്ടും പോലീസ് ഇതിൽ ഉൾപ്പെട്ട അക്രമികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് പ്രശാന്ത് കുമാർ പറയുന്നത്. തന്റെ പരാതിയിൽ നാമമാത്രമായ കേസ് മാത്രമാണ് എടുത്തത്. താൻ ഒരു രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്ന ആളല്ല. എന്നാൽ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമുള്ളതായി സംശയിക്കുന്നു. പ്രദേശത്തെ ഒരു സി പി എം ബ്രാഞ്ച് സിക്രട്ടറിയുടെ അമ്മയുടെ മൊബൈൽ ഫോൺ കളവു പോവുകയും ഇത് തിരിച്ചു കിട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇത് കളവു ചെയ്തവരുടെ കൂട്ടത്തിൽ പെട്ടയാളാണ് മർദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി എന്ന സംശയത്തിലാണ് സംഘം ചേർന്നെത്തിയ സി പി എം പ്രവർത്തകർ ഇയാളെ മർദ്ദിച്ചത് എന്നാണ് പറയപ്പെടുന്നത്. സംഘത്തിൽ ഉൾപ്പെട്ടവരെല്ലാം സി പി എം പ്രവർത്തകരാണ് എന്നത് കൊണ്ടാണ് പോലീസ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്നാണ് സംശയിക്കുന്നത്. തന്നോടുള്ള പോലീസിന്റെ സമീപനവും വളരെ മോശമായിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്.
പൂർവ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. രാജൻ, രക്ഷാധികാരി കേണൽ രാംദാസ് , സി.പി. ബാലകൃഷ്ണൻ എന്നിവർ വീട്ടിലെത്തി പ്രശാന്ത് കുമാറിനെ സന്ദർശിച്ചു. വര്ഷങ്ങളോളം രാജ്യ സേവനം ചെയ്ത ഒരു വിമുക്തഭടന് നേരെ ഇത്തരത്തിൽ ഒരക്രമമുണ്ടായിട്ടും അദ്ദേഹത്തിൻറെ കണ്ണിനു സാരമായ പരിക്കേറ്റിട്ടും പോലീസ് സംഭവത്തിൽ അക്രമികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പൂർവസൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. രാജൻ പ്രതികരിച്ചു. സംഭവം രാഷ്ട്രീയം കലർത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ ഈ കേസ് നേർവഴിക്ക് കൊണ്ടുപോകാനുള്ള നടപടികളുമായി പൂർവസൈനിക പരിഷത്ത് മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.