കൂത്തുപറമ്പ് : കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിൽ നീറോളിച്ചാൽ മുതൽ നിർമലഗിരി വരെ നട്ടുവളർത്തിയ ചെടികൾ അധികൃതർ പിഴുതുമാറ്റി. നിർമലഗിരി സ്വദേശി കളരിക്കൽ അപ്പച്ചൻ നട്ടുവളർത്തിയ നൂറ് കണക്കിന് ചെടികളാണ് ഡിവൈഡർ കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി അധികൃതർ പിഴുത് മാറ്റിയത്.
400 മീറ്ററോളം വരുന്ന പാതയോരത്ത് വിവിധങ്ങളായ പൂ ചെടികളാണ് അപ്പച്ചൻ വച്ച് പിടിപ്പിച്ചത്. തന്റെ ശേഖരത്തിൽ ഉള്ളതിനു പുറമേ പണം കൊടുത്ത് വാങ്ങിയും ചെടികൾ നട്ടിരുന്നു. ചെടികൾ നട്ട് പിടിപ്പിക്കുക മാത്രമല്ല ഇവയെ പരിപാലിക്കുന്നതും അപ്പച്ചന്റെ ജോലിയായിരുന്നു. കത്തുന്ന വെയിലിൽ റോഡിലെ പുകയും, ചൂടും സഹിച്ചു കൊണ്ട് പ്രദേശത്തെ പൂങ്കാവനം ആക്കി മാറ്റുക ആയിരുന്നു അപ്പച്ചൻ . ഏറെ കഷ്ടപ്പെട്ട് നട്ടുവളർത്തിയ ചെടികൾ പിഴുത് മാറ്റിയെങ്കിലും ഹരിതവൽക്കരണം തുടരാൻ തന്നെയാണ് അപ്പച്ചന്റെ തീരുമാനം.