കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഉദ്യോഗാർഥികൾക്ക് ദുരിതം. പേരും മറ്റ് വിവരങ്ങളും രജിസ്റ്റർ ചെയ്യാനെത്തുന്ന ഉദ്യോഗാർഥികൾക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നതിനൊപ്പം എക്സ്ചേഞ്ച് ഓഫിസിനു പുറത്ത് കൂട്ടംകൂടി നിൽക്കാനും ഇടയാക്കുകയാണെന്നാണ് പരാതി.
ടോക്കൺ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വനിതകൾ ഉൾപ്പെടെ അഭ്യസ്ഥ വിദ്യരായ ഒട്ടേറെ ആളുകളാണ് പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്നത്. സമീപകാലത്ത് രെജിസ്ട്രേഷന് എത്തുന്നവരുടെ എണ്ണം ഏറി. ഓഫിസിനു പുറത്ത് നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങി പേരും വിവരങ്ങളും രജിസ്റ്റർ ചെയ്തു നൽകുകയാണ്. സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകുന്നതും കാത്ത് ഉദ്യോഗാർഥികൾ ഓഫിസിനു പുറത്ത് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്.
പേരിനു മാത്രമാണ് ഇരിപ്പിടം. പലരും ഓഫിസിനു പുറത്ത് നിർത്തിയിട്ട ബൈക്കുകൾക്കും കാറുകൾക്കും ഇടയിലാണ് നേരം കൂട്ടുന്നത്. ഇതിനിടയിൽ ഉദ്യോഗസ്ഥർ പേര് വിളിച്ചാൽ ഉദ്യോഗാർഥികൾക്ക് കേൾക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഓഫിസ് കവാടത്തിൽ ഉദ്യോഗസ്ഥരുടെ വിളിയും കാത്ത് നിൽക്കേണ്ടി വരുന്നത്. ടോക്കൺ സംവിധാനം ഏർപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാനാകുമെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണു ആക്ഷേപം.