കണ്ണൂർ : ഡി.ജി.പി അനിൽകാന്ത് പങ്കെടുത്ത ‘റൺ വിത്ത് ഡി.ജി.പി’ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ നടത്തി. ഉത്തര മേഖല ഐ.ജി അശോക് യാദവ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും 26 സ്റ്റുഡൻ്റ് കാഡറ്റ് പയനീർ അംഗങ്ങളും പങ്കെടുത്തു.
ജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനായി കണ്ണൂരിലെത്തിയ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാങ്ങാട്ടുപറമ്പ് പോലീസ് ആസ്ഥാനത്തായിരുന്നു താമസിച്ചത്. ഇതേ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥരെയും സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളെയും അത് ലറ്റുകളെയും പങ്കെടുപ്പിച്ച് റൺ വിത്ത് ഡി.ജി.പി എന്ന പരിപാടി സംഘടിപ്പിച്ചത്. മാങ്ങാട്ടുപറമ്പിലെ പോലീസ് ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള കണ്ണൂർ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലായിരുന്നു പരിപാടി. കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ നാൽപത് റൗണ്ടാണ് ഡി.ജി.പി ഓടിയത്. ഐ.ജി അശോക് യാദവ്, അത് ലറ്റുകളായ ജ്യോത്സ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ്, എസ്.പി.സി കാഡറ്റുകളായ എം. നിവേദ്, പി. അഭികൃഷ്ണ എന്നിവരും നാൽപത് റൗണ്ട് പൂർത്തിയാക്കി.
രാജ്യത്തിലെ വളർന്നു വരുന്ന പൗരന്മാരെക്കുറിച്ച് അഭിമാനമുണ്ടെന്ന് ഡി.ജി.പി പറഞ്ഞു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ്മ തുടങ്ങിയവരും സംബന്ധിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ഉപഹാരവും സമ്മാനിച്ചു.