കണ്ണൂർ: സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്രാ സൗജന്യത്തിനുള്ള പാസിന്റെ കാലാവധി നീട്ടി. എ.ഡി.എം. കെ.കെ. ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മാർച്ച് 31-ന് കാലാവധി കഴിഞ്ഞ പാസുകൾ ഡിസംബർ 31-വരെ നീട്ടി നൽകും. ഈ കാലയളവിനുള്ളിൽ പാസ് പുതുക്കണം.
ഒക്ടോബർ നാലിന് കോളേജുകൾ തുറക്കുന്നതിനാൽ 2022 മാർച്ച് 31-വരെ പുതിയ പാസുകൾ അനുവദിക്കും. പാസ് ലഭ്യമാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് സഹിതം അതത് താലൂക്കുകളിലെ ജോയിന്റ് ആർ.ടി.ഒ.യ്ക്ക് അപേക്ഷ നൽകണം. ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചുമതലപ്പെടുത്തുന്ന വ്യക്തിക്ക് ആർ.ടി. ഓഫീസിലെത്തി പാസിനുള്ള അപേക്ഷകൾ പരിശോധിക്കാം. പാസ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതികൾ ജോയിന്റ് ആർ.ടി.ഒ.യെ അറിയിക്കാം. കെ.എസ്.ആർ.ടി.സി.യിൽ വിദ്യാർഥികൾക്ക് യാത്രാസൗജന്യം ലഭ്യമാക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.