ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് (ആർസിബി) നിർമിക്കാൻ നിർദേശിക്കപ്പെട്ട സ്ഥലം മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഖാലിസ, അസിസ്റ്റന്റ് എൻജിനീയർ സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ആർസിബി നിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ടി. സുരേഷ്കുമാർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നൽകിയ നിവേദനത്തെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. പുഴ മൂലം വേർപെട്ടുകിടക്കുന്ന മൂരിക്കടവ്-ചീക്കാട് മേഖലകളെ ഒന്നിപ്പിക്കാൻ മൂരിക്കടവ് പുഴയിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നേരത്തെ ലോകബാങ്കിന്റെ സഹായത്തോടെ പാലം നിർമിക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല.
മൂരിക്കടവ്, ചീക്കാട് ടൗണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അര കിലോമീറ്ററുള്ള റോഡിനു കുറുകെയാണ് മൂരിക്കടവ് പുഴ ഒഴുകുന്നത്. വേനൽക്കാലത്ത് പുഴ കടക്കാമെങ്കിലും വർഷകാലത്ത് പുഴയിൽ നീരൊഴുക്ക് വർധിക്കുമ്പോൾ യാത്ര സാധ്യമാകുന്നില്ല. അതേസമയം, പുഴ കടക്കാൻ നടപ്പാലം ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലാണ്.