• Sat. Jul 27th, 2024
Top Tags

ചെക്ക്ഡാമിലെ ജലനിരപ്പ് കുറയുന്നു; കുരുക്കായി മണൽ.

Bydesk

Sep 24, 2021

ചെറുപുഴ: മണൽ അടിഞ്ഞു കൂടിയതോടെ ചെക്ക്ഡാമിലെ ജലനിരപ്പ് കുറയാൻ തുടങ്ങി. തേജസ്വിനിപ്പുഴയുടെ ചെറുപുഴ കമ്പിപ്പാലത്തിനു സമീപം നിർമിച്ച ചെക്ക്ഡാമിലെ ജലനിരപ്പാണു ദിനംപ്രതി താഴ്ന്നത്. ചെക്ക്ഡാമിനുള്ളിൽ മണൽ നിറഞ്ഞതോടെയാണു ജലനിരപ്പ് കുറയാൻ തുടങ്ങിയത്. ഇപ്പോൾ ചെക്ക്ഡാമിന്റെ പല ഭാഗത്തും മണൽ പരപ്പ് കാണാൻ സാധിക്കും. വേനൽ കനക്കുന്നതോടെ ജലനിരപ്പ് ഇനിയും കുറയാനാണു സാധ്യത.

ഏറെ കാലത്തെ മുറവിളിക്കു ഒടുവിൽ നബാർഡിന്റെ ധനസഹായത്തോടെ 2017ലാണ് ചെക്ക്ഡാം നിർമിച്ചത്. എന്നാൽ ഇതിനുശേഷം ഡാമിൽ നിന്നു ഒരു തവണ മാത്രമാണു മണൽ നീക്കിയത്. കഴിഞ്ഞ 2 വർഷം തുടർച്ചയായി ഉണ്ടായ പ്രളയമാണു ഡാമിനുള്ളിൽ വൻ തോതിൽ മണൽ അടിഞ്ഞുകൂടാൻ കാരണം. ഇത് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നു പഞ്ചായത്ത് അധികൃതർ ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

മലയോര പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാനായി 6 കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണു ചെക്ക്ഡാം നിർമിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു പുറമെ കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ചെക്ക്ഡാമിൽ വേനൽക്കാലമായാൽ കാര്യമായ ജലം ഉണ്ടാകാറില്ല. മഴ മാറുന്നതോടെ ഡാമിനുള്ളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു ജലസംഭരണശേഷി വർധിപ്പിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *