കേളകം : സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിനായി ബാങ്കിൽ നിന്നു വായ്പ ലഭിക്കാൻ സാധ്യത ഇല്ലെന്നെറിഞ്ഞ് ആത്മഹത്യ ചെയ്ത അഭിനന്ദ് എന്ന ഇരുപത്തിമൂന്നുകാരൻ വിസാ തട്ടിപ്പിന്റെ കൂടി ഇരയാണ്. 3 വർഷം മുൻപ് ഉപരി പഠനത്തിനായി മാൾട്ടയിൽ പോകാന്‍ പിതാവ് ജഗന്നാഥന്റെ പേരിൽ കേരള ബാങ്ക് കേളകം ശാഖയിൽ നിന്ന് അഭിനന്ദ് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പക്ഷേ, മാൾട്ടയിലെത്തിയതോടെയാണ് താൻ വിസാ തട്ടിപ്പിന് ഇരയായ വിവരം അഭിനന്ദ് അറിയുന്നത്. പഠനം മുടങ്ങി അഭിനന്ദ് നാട്ടിൽ തിരിച്ചെത്തി. കോഴിക്കോട് സ്വദേശിയായ ഏജന്റിനെതിരെ കേസ് കൊടുത്തെങ്കിലും ഏജന്റ് മുങ്ങിയതിനാൽ പണം തിരിച്ചു കിട്ടിയില്ല. പിന്നീടു പല ജോലികൾക്കായും അഭിനന്ദ് ശ്രമിച്ചു. ചെറിയ ചെറിയ ജോലികൾ ചെയ്തു.
6 മാസം മുൻപാണ് അഭിനന്ദ് വിവാഹിതനാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് വൃന്ദയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യുന്നത്. വിവാഹം കഴിഞ്ഞതോടെ മെച്ചപ്പെട്ട ജോലിയും വരുമാനവും വേണമെന്ന ആഗ്രഹം അഭിനന്ദിനുണ്ടായി. പല ജോലികൾക്കായും ശ്രമിച്ചെങ്കിലും കോവിഡ് തടസ്സമായി. അങ്ങനെയാണു സ്വന്തമായൊരു സംരംഭം തുടങ്ങാമെന്നു തീരുമാനിക്കുന്നത്. കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു തീരുമാനം. മലയോര മേഖലയിൽ കമ്പിവേലി ബിസിനസ്സിനുള്ള സാധ്യതകളെക്കുറിച്ചു അഭിനന്ദ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. കയ്യിലുള്ള തുകയും ബാങ്ക് വായ്പയും കൊണ്ട് യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. ഇതിനായി യൂണിറ്റിന് ആവശ്യമായ ഷെഡും പണിതു. കാനറ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷയും നൽകി. ബാങ്ക് അധികൃതർ ആവശ്യപ്പെട്ട രേഖകൾക്കായാണ് അഭിനന്ദ് കേരള ബാങ്കിനെ സമീപിച്ചത്. വായ്പാ തവണകൾ മുടങ്ങിയതിനാൽ ബാധ്യതകളില്ലെന്നു തെളിയിക്കുന്ന രേഖ നൽകാൻ സാങ്കേതികമായി തടസ്സമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് വരെ വിദ്യാഭ്യാസ വായ്പ അഭിനന്ദ് തിരിച്ചടച്ചിട്ടുണ്ട്. ബാങ്കിൽ പോയി വന്നതിനു ശേഷം ബുധനാഴ്ച വൈകിട്ട് കടുത്ത നിരാശയോടെ അഭിനന്ദ് ഫോൺ വിളിച്ചിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
ദുശീലങ്ങളൊന്നുമില്ലായിരുന്ന അഭിനന്ദിന്റെ ഏറ്റവും വലിയ സ്വപ്നം കുടുംബം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന മികച്ച ജോലിയായിരുന്നു. മരിക്കുന്നതിനു മിനിറ്റുകൾക്കു മുൻപും വായ്പ കിട്ടാത്തതിനാൽ സംരംഭം തുടങ്ങാൻ കഴിയില്ലെന്നും ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. നേരം പുലരുമ്പോൾ പരിഹാര മാർഗങ്ങൾ ആലോചിക്കാമെന്ന് ആശ്വസിപ്പിച്ച് ഫോൺ വച്ച സുഹൃത്തുക്കൾക്കു പക്ഷേ, മണിക്കൂറുകൾക്കുള്ളില്‍ കേൾക്കേണ്ടി വന്നത് അഭിനന്ദിന്റെ മരണവാർത്തയാണ്.