തളിപ്പറമ്പ് : ചൊറുക്കള – ബാവുപ്പറമ്പ – മയ്യിൽ – കൊളോളം വിമാനത്താവള ലിങ്ക് റോഡ് ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. പൂർണമായും ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും സ്ഥലം ഉൾപ്പെടെ നഷ്ടമാകുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. റോഡിന്റെ സ്ഥലമേറ്റെടുക്കലും പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി.
നിർമാണത്തിലിരിക്കുന്ന റോഡ് സന്ദർശിക്കാൻ എത്തിയതായിരുന്നു എം.വി.ഗോവിന്ദൻ. കലക്ടർ ചന്ദ്രശേഖരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് കുറുമാത്തൂർ പഞ്ചായത്ത് ഹാളിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.
കലക്ടർ ചന്ദ്രശേഖരൻ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, എ.ഡി.എം. ദിവാകരൻ, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് റിഷ്ന, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി, ആന്തൂർ നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി എന്നിവർ പങ്കെടുത്തു.