മട്ടന്നൂർ : ഒരേ ദിവസം മട്ടന്നൂർ മേഖലയിൽ മൂന്നിടത്ത് കവർച്ച. 2 ക്ഷേത്രങ്ങളിലും ഒരു ഹോട്ടലിലുമാണ് കവർച്ച നടന്നത്. അയ്യല്ലൂർ നാഗത്ത് വളപ്പ് കുഞ്ഞാർ കുറത്തിയമ്മ കോട്ടം ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയി. തറയിൽ ഉറപ്പിച്ച ഭണ്ഡാരം ഇളക്കിയെടുത്തു കടത്തുകയായിരുന്നു. ഒരു മാസത്തോളമുള്ള നേർച്ചപ്പണം ഭണ്ഡാരത്തിൽ ഉണ്ടാകുമെന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര സെക്രട്ടറി എം.വി.പ്രകാശനും പ്രസിഡന്റ് കുന്നത്ത് വിജയനും മട്ടന്നൂർ പൊലീസിൽ പരാതി നൽകി. അയ്യല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെയും ഭണ്ഡാരം കവർന്നു. ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവരുകയായിരുന്നു. രാവിലെയാണ് ആൾക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ചാവശ്ശേരി 19ാം മൈലിലെ സി.എച്ച്.ഈസയുടെ ഹോട്ടലിൽ കള്ളൻ കയറി പണം കവർന്നു. ഹോട്ടലിന്റെ മുൻ ഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.